'വി മുരളീധരന്റെ വാക്കുകള്‍ ഉലച്ചു, അന്ന് രാത്രി ജനാര്‍ദ്ദനന് ഉറങ്ങാനായില്ല'; സന്ദര്‍ശനത്തിന് പിന്നാലെ കുറിപ്പുമായി പി ജയരാജന്‍

വാക്‌സിന്‍ ചലഞ്ചില്‍ പങ്കെടുത്ത് തന്റെ ജീവിതസമ്പാദ്യത്തില്‍ 850 രൂപ മാത്രം ബാക്കിവെച്ച് 2 ലക്ഷം രൂപ സംഭാവന ചെയ്ത ബീഡി തൊഴിലാളിയായ ജനാര്‍ദ്ദനനാണ് വാര്‍ത്താ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്
പി ജയരാജന്‍ ജനാര്‍ദ്ദനനെ സന്ദര്‍ശിച്ചപ്പോള്‍
പി ജയരാജന്‍ ജനാര്‍ദ്ദനനെ സന്ദര്‍ശിച്ചപ്പോള്‍

കൊച്ചി:വാക്‌സിന്‍ ചലഞ്ചില്‍ പങ്കെടുത്ത് തന്റെ ജീവിതസമ്പാദ്യത്തില്‍ 850 രൂപ മാത്രം ബാക്കിവെച്ച് 2 ലക്ഷം രൂപ സംഭാവന ചെയ്ത ബീഡി തൊഴിലാളിയായ ജനാര്‍ദ്ദനനാണ് വാര്‍ത്താ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ജനാര്‍ദ്ദനനെ വീട്ടില്‍ പോയി സന്ദര്‍ശിച്ച് അഭിവാദ്യം അര്‍പ്പിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ച വരികള്‍ ശ്രദ്ധേയമാകുന്നു.

'തൊഴിലാളിയുടെ സാമൂഹ്യ രാഷ്ട്രീയ പ്രബുദ്ധതയാണ് ഇവിടെ കാണാനായത്.പാവപ്പെട്ട കുടുംബത്തിന്റെ നാഥന് പോലും ഇത്തരത്തില്‍ പ്രതികരിക്കാന്‍ കഴിഞ്ഞത് സമൂഹമാകെ പരിഗണിക്കുകയും ആ മാതൃക പിന്തുടരുകയും വേണം.സൗജന്യമായി വാക്‌സിന്‍ നല്‍കാനാകില്ലെന്ന നിഷേധ നിലപാട് സ്വീകരിക്കുന്നവരും അതിനെ പിന്തുണക്കുന്നവരും ജനാര്‍ദ്ദനനെ പോലുള്ളവര്‍ ഉയര്‍ത്തിയ സന്ദേശം അല്പമെങ്കിലും തിരിച്ചറിയുമോ?- ജയരാജന്റെ വാക്കുകള്‍ ഇങ്ങനെ


കുറിപ്പ്:

ഇന്ന് നവമാധ്യങ്ങളിലും വാര്‍ത്താ മാധ്യമങ്ങളിലും നിറഞ്ഞു നിന്നത് നമ്മുടെ ബീഡി തൊഴിലാളിയായ ജനാര്‍ദ്ദനനാണ്.വാക്‌സിന്‍ ചലഞ്ചില്‍ പങ്കെടുത്ത് തന്റെ ജീവിതസമ്പാദ്യത്തില്‍ 850 രൂപ മാത്രം ബാക്കിവെച്ച് 2 ലക്ഷം രൂപ സംഭാവന ചെയ്ത് മാതൃകയായി മാറിയ ചാലാടന്‍ ജനാര്‍ദ്ദനന്റെ വീട് അല്പസമയം മുന്‍പാണ് സന്ദര്‍ശിച്ചത്.പെട്ടന്ന് വൈറലായതിന്റെ അമ്പരപ്പിലായിരുന്നു അദ്ദേഹം.ഫണ്ട് നല്‍കിയപ്പോള്‍ സമൂഹം ഇത്തരത്തില്‍ ആദരിക്കുമെന്ന് ജനാര്‍ദ്ദനന്‍ ഒരിക്കലും കരുതിയിരുന്നില്ല.
ഒരു വര്‍ഷം  മുന്‍പാണ് ജനാര്‍ദ്ദനന്റെ ഭാര്യ മരണപ്പെട്ടത്. രണ്ട് പെണ്മക്കളാണ് ജനാര്‍ദനന്  ഉള്ളത്.ഇരുവരുടെയും വിവാഹം കഴിഞ്ഞു.36 വര്‍ഷം ദിനേശ് ബീഡിയില്‍ പണിയെടുത്തതിന് ശേഷമാണ് ജനാര്‍ദനന്‍ പിരിഞ്ഞത്.
തലേന്ന് രാത്രിയാണ് അദ്ദേഹം പൈസ നല്‍കാനുള്ള തീരുമാനം കൈക്കൊണ്ടത്.
കേരളത്തില്‍ നിന്നുള്ള കേന്ദ്രസഹമന്ത്രിയുടെ ജനവിരുദ്ധ പരാമര്‍ശങ്ങള്‍ ജനാര്‍ദ്ദനന്റെ മനസിനെ വല്ലാതെ ഉലച്ചു.സൗജന്യമായി വാക്‌സിന്‍ നല്‍കാനാവില്ല എന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.പറഞ്ഞ വാക്ക് പാലിക്കുമെന്ന മുഖ്യമന്ത്രി സ:പിണറായി വിജയന്റെ ഉറച്ച നിലപാടിന് പിന്തുണ നല്‍കണമെന്ന് അദ്ദേഹം ഉറപ്പിച്ചു.അന്ന് രാത്രി ഉറങ്ങാനായില്ല.പിറ്റേ ദിവസം ബാങ്കിലെത്തി ഫണ്ട് നല്‍കിയതിന് ശേഷം സുഖമായി ഉറങ്ങി. 
തൊഴിലാളിയുടെ സാമൂഹ്യ രാഷ്ട്രീയ പ്രബുദ്ധതയാണ് ഇവിടെ കാണാനായത്.പാവപ്പെട്ട കുടുംബത്തിന്റെ നാഥന് പോലും ഇത്തരത്തില്‍ പ്രതികരിക്കാന്‍ കഴിഞ്ഞത് സമൂഹമാകെ പരിഗണിക്കുകയും ആ മാതൃക പിന്തുടരുകയും വേണം.
സൗജന്യമായി വാക്‌സിന്‍ നല്‍കാനാകില്ലെന്ന നിഷേധ നിലപാട് സ്വീകരിക്കുന്നവരും അതിനെ പിന്തുണക്കുന്നവരും ജനാര്‍ദ്ദനനെ പോലുള്ളവര്‍ ഉയര്‍ത്തിയ സന്ദേശം അല്പമെങ്കിലും തിരിച്ചറിയുമോ.??
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com