അതിവേഗ വൈറസ് സംസ്ഥാനത്തിന്റെ പലഭാഗത്തും; തീവ്രരോഗവ്യാപന ശേഷി; പ്രദേശങ്ങള്‍ പൂര്‍ണമായി അടച്ചിടേണ്ടിവരും; മുന്നറിയിപ്പ്

ജനിതകമാറ്റം  വന്നതും തീവ്ര രോഗവ്യാപന ശേഷിയുള്ളതുമായ വൈറസ് സംസ്ഥാനത്തിന്റെ പലഭാഗത്തും കണ്ടെത്തിയതായി മുഖ്യമന്ത്രി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനനന്തപുരം: ജനിതകമാറ്റം  വന്നതും തീവ്ര രോഗവ്യാപന ശേഷിയുള്ളതുമായ വൈറസ് സംസ്ഥാനത്തിന്റെ പലഭാഗത്തും കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍.അത്തരം പ്രദേശങ്ങള്‍ പൂര്‍ണമായും അടച്ചിടേണ്ടിവരും. ആള്‍ക്കൂട്ടമുണ്ടാകുന്ന എല്ലാവിധ സാമൂഹ്യ- സാംസ്‌കാരിക-രാഷ്ട്രീയ പരിപാടികളും മതപരമായ  ചടങ്ങുകളും ഒഴിവാക്കണം. 

വാരാന്ത്യത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളോട് ജനങ്ങള്‍ നന്നായി സഹകരിച്ചിട്ടുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ വാരാന്ത്യത്തിലുള്ള പ്രത്യേക നിയന്ത്രണം തുടരും. അത്യാവശ്യ സര്‍വ്വീസുകള്‍ മാത്രമേ അന്നുണ്ടാകൂ. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി നല്‍കിയിട്ടുണ്ട്.

ഒന്നരവര്‍ഷത്തോളമായി നാം കോവിഡിനൊപ്പമാണ് ജീവിക്കുന്നത്. ഇനിയും ഏറെക്കാലം ഈ രീതിയില്‍ മുന്നോട്ടുപോകേണ്ടിവരും. ഈ പ്രതിസന്ധിയെ നാം യോജിച്ച് നേരിടണം. ആദ്യഘട്ടത്തില്‍ സര്‍ക്കാരും രാഷ്ട്രീയ പാര്‍ടികളും പൊതുജനങ്ങളും കൂട്ടായി ശ്രമിച്ചതിന്റെ ഫലമായി രോഗവ്യാപനവും മരണവും വലിയ അളവില്‍ നിയന്ത്രിക്കാന്‍ കേരളത്തിനു കഴിഞ്ഞു. 2020 ഒക്ടോബറായപ്പോള്‍ പ്രതിദിനം പതിനൊന്നായിരം കേസുകള്‍ വരെ ഉണ്ടായിരുന്നു. പിന്നീട് അത് രണ്ടായിരത്തിനു താഴെയായി. പ്രാദേശിക സ്ഥാപനങ്ങളിലേയ്ക്ക് തെരഞ്ഞെടുപ്പു നടന്ന ഘട്ടത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് പതിനൊന്ന് ശതമാനമായിരുന്നു. 2021 മാര്‍ച്ച് ആയപ്പോള്‍ ടിപിആര്‍ മൂന്ന് ശതമാനത്തിലേയ്ക്ക് കുറച്ചുകൊണ്ടുവരാന്‍ നമുക്ക് കഴിഞ്ഞു. എന്നാല്‍ പൊടുന്നനെയാണ് രണ്ടാം തരംഗമുണ്ടായത്. ടിപിആര്‍ ഇപ്പോള്‍ 20 ശതമാനവും അതിനു മുകളിലുമാണ്. പ്രതിദിനം കേസുകളുടെ എണ്ണം കല്‍ലക്ഷം കടന്നു. 

അതിവേഗം പടരുന്ന വൈറസിന്റെ ബ്രിട്ടീഷ് വകഭേദവും  കൂടുതല്‍ മാരകമായ സൗത്ത് ആഫ്രിക്കന്‍ വകഭേദവും കേരളത്തിന്റെ പല ഭാഗങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. യു.കെ വകഭേദം കൂടുതല്‍ കണ്ടിട്ടുള്ളത് വടക്കന്‍ ജില്ലകളിലാണ്. ഈ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കിയില്ലെങ്കില്‍ രോഗവ്യാപനം വര്‍ദ്ധിക്കാനാണ് സാധ്യത. അതുകൊണ്ട് നാം  അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട് പിണറായി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com