അടുത്ത ദിവസവും സ്ലോട്ടുകള്‍ നോക്കണം; കാരണം വാക്‌സിന്‍ ദൗര്‍ലഭ്യം;  കൈയിലുള്ളത് 3,68,840 ഡോസ് മാത്രം

ഇപ്പോള്‍ നമ്മുടെ കയ്യില്‍ 3,68,840  ഡോസ് വാക്സിന്‍  മാത്രമാണ് ഉള്ളത്.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം:  കോവിഡ് പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ ചെയ്തതിന് ശേഷം സ്ലോട്ട് ലഭിക്കുന്നില്ല എന്ന് പ്രശ്‌നത്തിന് കാരണം വാക്‌സിന്റെ ദൗര്‍ലഭ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോള്‍ നമ്മുടെ കയ്യില്‍ 3,68,840  ഡോസ് വാക്സിന്‍  മാത്രമാണ് ഉള്ളത്. ഈ സാഹചര്യം മൂലമാണ് കേന്ദ്രത്തോട് 50 ലക്ഷം ഡോസ് വാക്സിന്‍ ഒറ്റയടിക്ക് തരണമെന്ന് ആവശ്യപ്പെടുന്നതെന്ന്് മുഖ്യമന്ത്രി പറഞ്ഞു.

എന്തിനാണ് ഇത്രയധികം വാക്സിനുകള്‍ ഒരുമിച്ച് എന്നൊരു ചോദ്യം പലരും ചോദിക്കുന്നുണ്ട്. ഒന്നോ രണ്ടോ ദിവസത്തേയ്ക്കുള്ള കണക്കു വച്ച് ലഭ്യമായാല്‍ മതിയല്ലോ എന്നാണ് അവര്‍ ധരിച്ചു വച്ചിരിക്കുന്നത്.അവിടെയാണ് സ്‌ളോട്ടുകള്‍ അനുവദിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നം ഉയരുന്നത്. നിലവില്‍ വാക്സിനുയരുന്ന ഡിമാന്റനുസരിച്ച് കുറേ ദിവസങ്ങള്‍ മുന്‍കൂട്ടി സ്ളോട്ടുകള്‍ അനുവദിക്കേണ്ടി വരും. അങ്ങനെ വരുമ്പോള്‍ പരമാവധി വാക്സിന്‍ സ്റ്റോക്കില്‍ ഉണ്ടാവുകയും സ്ളോട്ടനുവദിക്കുന്ന കേന്ദ്രങ്ങളില്‍ അതു ലഭ്യമാകുമെന്ന് ഉറപ്പു വരുത്തുകയും വേണം. പക്ഷേ, വാക്സിന്‍ ആവശ്യത്തിന് സ്റ്റോക്ക് ഇല്ലാത്തതിനാല്‍ ഇതു സാധ്യമാകാത്ത അവസ്ഥയാണ് നിലവിലുള്ളത്.

നിലവില്‍ വാക്സിന്‍ ലഭിക്കുന്ന മുറയ്ക്ക് അടുത്ത ദിവസത്തേക്കുള്ള വാക്സിന്‍ തൊട്ടുമുന്‍പുള്ള ദിവസമാണ് ഷെഡ്യൂള്‍ ചെയ്യാന്‍ കഴിയുന്നത്. ആ രീതിയില്‍ അടുത്ത ദിവസത്തേക്കുള്ള സ്ളോട്ടുകള്‍ ഇന്നു രജിസ്ട്രേഷനായി അനുവദിക്കുമ്പോള്‍ അല്പ സമയത്തിനുള്ളില്‍ തീരുകയാണ്. ആ ദിവസം അതിനു ശേഷം വെബ്സൈറ്റില്‍ കയറുന്ന ആളുകള്‍ക്ക് അടുത്ത ദിവസങ്ങളിലൊന്നും സ്ളോട്ടുകള്‍ കാണാന്‍ സാധിക്കില്ല. അതിന്റെ അര്‍ഥം തുടര്‍ന്നുള്ള ദിവസങ്ങളില്‍ ലഭ്യമല്ല എന്നല്ല. അടുത്ത ദിവസം നോക്കിയാല്‍ വീണ്ടും സ്ളോട്ടുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. വാക്സിന്‍ ദൗര്‍ലഭ്യം പരിഹരിച്ച് കുറച്ചധികം  ദിവസങ്ങളിലേയ്ക്കുള്ള സ്ളോട്ടുകള്‍ ഷെഡ്യൂള്‍ ചെയ്തു വയ്ക്കാന്‍ സാധിച്ചാല്‍ മാത്രമേ ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയൂ. അതിനാവശ്യമായ ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തി വരികയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com