എഴുത്തുകാരി സുമംഗല അന്തരിച്ചു

രണ്ടാഴ്ചയായി അവശനിലയില്‍ കിടപ്പിലായിരുന്നു
സുമംഗല /ഫയല്‍ ഫോട്ടോ
സുമംഗല /ഫയല്‍ ഫോട്ടോ

പാലക്കാട്: പ്രമുഖ എഴുത്തുകാരി സുമംഗല അന്തരിച്ചു. 88 വയസായിരുന്നു. രണ്ടാഴ്ചയായി അവശനിലയില്‍ കിടപ്പിലായിരുന്നു. വടക്കാഞ്ചേരിയിലെ മകന്റെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം നാളെ രാവിലെ 11ന് പാറമേക്കാവ് ശാന്തിഘട്ടില്‍ നടക്കും

ചെറുകഥകള്‍ക്കും നോവലുകള്‍ക്കും പുറമെ കുട്ടികള്‍ക്കുവേണ്ടി അന്‍പതോളം കഥകളും ലഘുനോവലുകളും രചിച്ചിട്ടുണ്ട് സ്മിത്സോണിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനു വേണ്ടി ആശ്ചര്യചൂഡാമണി കൂടിയാട്ടത്തിന്റെ ക്രമദീപികയും ആട്ടപ്രകാരവും ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്തു. കേരളകലാമണ്ഡലത്തിന്റെ പബ്ലിസിറ്റി വിഭാഗത്തിന്റെ മേധാവിയായി പ്രവര്‍ത്തിച്ചിട്ടുണ്ടു്.

1934 മെയ് 16-ന് പാലക്കാടു ജില്ലയിലെ വെള്ളിനേഴി ഒളപ്പമണ്ണ മനയ്ക്കലാണ് ജനനം. ഒറ്റപ്പാലം ഹൈസ്‌കൂളിലായിരുന്നു സുമംഗലയുടെ വിദ്യാഭ്യാസം. 1948-ല്‍ പത്താം ക്ലാസ്സ് പാസ്സായെങ്കിലും തുടര്‍ന്നു കോളേജില്‍ പഠിക്കാന്‍ പ്രായം തികഞ്ഞിരുന്നില്ല. അച്ഛന്‍ ഒ.എം.സി. നാരായണന്‍ നമ്പൂതിരിപ്പാടിന്റെ കീഴില്‍ സംസ്‌കൃതവും ഇംഗ്ലീഷും പഠിച്ചു. പിന്നീട് കോളേജില്‍ ചേര്‍ന്നില്ല.

പതിനഞ്ചാംവയസ്സില്‍ വിവാഹിതയായി. യജുര്‍വ്വേദപണ്ഡിതനും ഭൂഗര്‍ഭശാസ്ത്രത്തില്‍ ബിരുദധാരിയുമായിരുന്ന അഷ്ടമൂര്‍ത്തി നമ്പൂതിരിപ്പാടായിരുന്നു ഭര്‍ത്താവ്. വിവാഹത്തിനുശേഷം കേരളകലാമണ്ഡലത്തില്‍ ചെറിയൊരു ജോലിയോടെ പ്രവേശിച്ച സുമംഗല പിന്നീട് അവിടത്തെ പബ്ലിസിറ്റി ഓഫീസര്‍ ചുമതല വഹിച്ചു. ഡോ. ഉഷ നീലകണ്ഠന്‍, നാരായണന്‍, അഷ്ടമൂര്‍ത്തി എന്നിവരാണ് മക്കള്‍.

പഞ്ചതന്ത്രം (പുനരാഖ്യാനം), തത്ത പറഞ്ഞ കഥകള്‍ (ശുകസപ്തതിയുടെ പുനരാഖ്യാനം), കുറിഞ്ഞിയും കൂട്ടുകാരും, നെയ്പായസം, തങ്കക്കിങ്ങിണി, മഞ്ചാടിക്കുരു, മിഠായിപ്പൊതി, കുടമണികള്‍, മുത്തുസഞ്ചി, നടന്നു തീരാത്ത വഴികള്‍ എന്നിവയാണ് ശ്രദ്ധേയമായ ബാലസാഹിത്യകൃതികള്‍. കേന്ദ്രസാഹിത്യ അക്കാദമി, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com