പൊലീസ് സ്റ്റേഷനില്‍ ഹാജരാവേണ്ടിയിരുന്ന യുവാവ് തൂങ്ങി മരിച്ചു; ശരീര ഭാഗങ്ങള്‍ ജീര്‍ണിച്ച നിലയില്‍

അയൽവാസിയുടെ പരാതിയിലാണ് സൂരജിനോട് സ്റ്റേഷനിൽ ഹാജരാവാൻ നിർദേശിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ഏറ്റുമാനൂർ: സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നിർദേശിച്ച യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചെങ്ങളം കുന്നുംപുറം പാമ്പാടിചിറയിൽ സൂരജിനെയാണ് (19) ഏറ്റുമാനൂർ പാറോലിക്കലുള്ള പുരയിടത്തിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അയൽവാസിയുടെ പരാതിയിലാണ് സൂരജിനോട് സ്റ്റേഷനിൽ ഹാജരാവാൻ നിർദേശിച്ചത്.

തെള്ളകത്തെ സ്വകാര്യ ഹോട്ടലിൽ ഡെലിവറി ബോയ് ആയിരുന്നു സൂരജ്. 24ന് ഉച്ചയ്ക്ക് ഹോട്ടലിൽ നിന്നു മെഡിക്കൽ കോളജ് ഭാഗത്തേക്കു പാഴ്സൽ കൊടുക്കാൻ പോയ സൂരജിനെ പിന്നെ കാണാതാവുകയായിരുന്നു.

സമയം കഴിഞ്ഞിട്ടും സൂരജിനെ കാണാതെ വന്നതോടെ ഹോട്ടൽ ജീവനക്കാർ പൊലീസിൽ പരാതി നൽകി. കൈതമല ജുമാമസ്ജിദിനു സമീപം 2 ദിവസമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്കൂട്ടർ കണ്ട നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചിരുന്നു. ഇതു സൂരജ് ഉപയോഗിച്ചതായിരുന്നെന്നു പൊലീസ് കണ്ടെത്തി. 

ഇതോടെ പൊലീസും ബന്ധുക്കളും നാട്ടുകാരും ചേർന്നു നടത്തിയ പരിശോധനയിൽ സൂരജിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കഴുത്തിൽ കയർ കെട്ടിയ ഭാഗവും കാൽ ഭാഗവും മറ്റും ജീർണിച്ച നിലയിലാണ്. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം കോട്ടയം ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com