സിദ്ദിഖ് കാപ്പന്‍ കോവിഡ് മുക്തനായി, ജയിയിലേക്കു മാറ്റിയെന്ന് യുപി സര്‍ക്കാര്‍ 

സിദ്ദിഖ് കാപ്പന്‍ കോവിഡ് മുക്തനായി, ജയിയിലേക്കു മാറ്റിയെന്ന് യുപി സര്‍ക്കാര്‍ 
സിദ്ദിഖ് കാപ്പനെ കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുപോകുന്നു/ ഫയല്‍ ചിത്രം
സിദ്ദിഖ് കാപ്പനെ കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുപോകുന്നു/ ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടു ജയിലില്‍ കഴിയുന്ന മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ കോവിഡ് മുക്തനായതായി യുപി സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കാപ്പനെ ആശുപത്രിയില്‍നിന്നു ജയിലിലേക്കു മാറ്റിയതായും സുപ്രീം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 

സിദ്ദിഖ് കാപ്പന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സുപ്രീം കോടതി ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു. സിദ്ദിഖ് കാപ്പനെ ചികിത്സയ്ക്കായി ഡല്‍ഹി എയിംസിലേക്ക് മാറ്റണമെന്ന ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി നിര്‍ദേശം. ചീഫ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ച് ഹര്‍ജി ഇന്നു പരിഗണിക്കും.

20ാം തീയതി കോവിഡ് സ്ഥിരീകരിച്ച കാപ്പനെ മഥുരയിലെ കൃഷ്ണ മോഹന്‍ മെഡിക്കല്‍ കോളജിലാണ് പ്രവേശിപ്പിച്ചത്. ഇന്നലെ കോവിഡ് മുക്തനായ കാപ്പനെ ജയിലിലേക്കു മാറ്റിയെന്നാണ് യുപി സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം കാപ്പനെ ബന്ധപ്പെടാനായിട്ടില്ലെന്ന് അഭിഭാഷകന്‍ വില്‍സ് മാത്യു അറിയിച്ചു.

കാപ്പനെ ആശുപത്രിയില്‍ ചങ്ങലയ്ക്ക് ഇട്ടിരിക്കുകയാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ അഭിഭാഷകന്‍ വില്‍സ് മാത്യു കോടതിയെ അറിയിച്ചിരുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഈ ആരോപണം നിഷേധിച്ചു. 

ചികിത്സയ്ക്കായി ഡല്‍ഹിയിലെ എയിംസിലേക്കോ സഫ്ദര്‍ ജങ് ആശുപത്രിയിലേക്കോ സിദ്ദിഖ് കാപ്പനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയനും കാപ്പന്റെ ഭാര്യ റൈഹാനത്തുമാണ് സുപ്രീം കോടതിയെ സമീപിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com