കൊടകര കുഴല്‍പ്പണ കേസ്: പരാതിക്കാരന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെന്ന് പൊലീസ്, യുവമോര്‍ച്ച നേതാവിനെ ചോദ്യം ചെയ്തു

കൊടകര കുഴല്‍പ്പണ കവര്‍ച്ച കേസില്‍ പൊലീസിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍
തൃശ്ശൂര്‍ എസ് പി ജി പൂങ്കുഴലി മാധ്യമങ്ങളെ കാണുന്നു/ടെലിവിഷന്‍ ദൃശ്യം
തൃശ്ശൂര്‍ എസ് പി ജി പൂങ്കുഴലി മാധ്യമങ്ങളെ കാണുന്നു/ടെലിവിഷന്‍ ദൃശ്യം

തൃശൂര്‍: കൊടകര കുഴല്‍പ്പണ കവര്‍ച്ച കേസില്‍ പൊലീസിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍. കേസിലെ പരാതിക്കാരനായ കോഴിക്കോട്ടെ അബ്കാരി ധര്‍മരാജന് ആര്‍എസ്എസ് ബന്ധമുണ്ടെന്ന് തൃശ്ശൂര്‍ എസ് പി ജി പൂങ്കുഴലി മാധ്യമങ്ങളോട് പറഞ്ഞു. ധര്‍മരാജന്‍ ആര്‍എസ്എസുകാരനാണെന്നും ഇയാള്‍ക്ക് പണം നല്‍കിയവരെക്കുറിച്ച് വ്യക്തമായി അറിയില്ലെന്നും അന്വേഷിച്ചുവരികയാണെന്നും എസ് പി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് യുവമോര്‍ച്ച നേതാവ് സുനില്‍ നായിക്കിനെ ചോദ്യം ചെയ്തു. 

പ്രതികളില്‍നിന്ന് കണ്ടെടുത്ത പണം പരാതിയില്‍ പറഞ്ഞതിലേറെയുണ്ട്. അതിനാല്‍ എത്രരൂപയാണ് തട്ടിയെടുത്തതെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരാനുണ്ട്. ധര്‍മരാജന് എവിടെനിന്നാണ് പണം ലഭിച്ചതെന്ന കാര്യത്തിലും വ്യക്തത വരണം. കൂടുതല്‍പേരെ വിളിച്ചുവരുത്തി ചോദ്യംചെയ്തുകൊണ്ടിരിക്കുകയാണെന്നും എസ് പി വിശദീകരിച്ചു.

കോഴിക്കോട്ടെ അബ്കാരിയായ ധര്‍മരാജന്‍ കൊടുത്തുവിട്ട 25 ലക്ഷം രൂപ കൊടകരയില്‍ വ്യാജ വാഹനാപകടമുണ്ടാക്കി തട്ടിയെടുത്തെന്നായിരുന്നു പരാതി. ധര്‍മരാജനും ഡ്രൈവര്‍ ഷംജീറുമാണ് സംഭവത്തില്‍ പരാതി നല്‍കിയത്. എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാറില്‍ മൂന്നരക്കോടി രൂപ ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. സംഭവത്തില്‍ ഏഴുപേരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തു. അഞ്ച് പ്രതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com