ബസ് ജീവനക്കാരനെ ടിക്കറ്റ് മെഷീന്‍ കൊണ്ട് തലയ്ക്ക് അടിച്ചുകൊന്നു; രാഹുലിന്റെ കൊലപാതകത്തില്‍ സുഹൃത്തുക്കള്‍ അറസ്റ്റില്‍ 

കറുകച്ചാലിലെ ബസ് ജീവനക്കാരന്‍ രാഹുലിന്റെ മരണത്തില്‍ വഴിത്തിരിവ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോട്ടയം: കറുകച്ചാലിലെ ബസ് ജീവനക്കാരന്‍ രാഹുലിന്റെ മരണത്തില്‍ വഴിത്തിരിവ്. രാഹുലിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. രാഹുലിന്റെ സഹപ്രവര്‍ത്തകരായ വിഷ്ണു, സുനീഷ് എന്നിവരെ അറസ്റ്റ് ചെയ്തു.രാഹുലിനെ ഇരുവരും ചേര്‍ന്ന് തല്ലിക്കൊല്ലുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

സുഹൃത്തിന്റെ വിവാഹത്തിന് സംഭാവന നല്‍കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രതികള്‍ ഇരുവരും ബസ് കണ്ടക്ടര്‍മാരാണ്. ടിക്കറ്റ് മെഷീന്‍ കൊണ്ട് തലക്ക് അടിച്ചാണ് രാഹുലിനെ കൊലപ്പെടുത്തിയത്. മരണം ആത്മഹത്യയാക്കി മാറ്റാനും പ്രതികള്‍ ശ്രമിച്ചതായി പൊലീസ് പറയുന്നു.

കഴിഞ്ഞ ശനിയാഴ്ചയാണ് വീടിന് സമീപമുളള റോഡില്‍ സ്വന്തം കാറിനടിയില്‍ രാഹുലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാറിന്റെ തകരാര്‍ പരിഹരിക്കാന്‍ കാറിനടിയില്‍ കയറിയ രാഹുല്‍ പുറത്തിറങ്ങാനാകാതെ വാഹനത്തിനിടയില്‍ പെടുകയായിരുന്നുവെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ രാഹുലിന്റേത് അപകട മരണമല്ലെന്നും ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിച്ചിരുന്നു. മരണത്തില്‍ സംശയം പ്രകടിപ്പിച്ച് കുടുബം രംഗത്തെത്തിയതോടെയാണ് അന്വേഷണത്തില്‍  കൊലപാതകമാണെന്ന് തെളിഞ്ഞത്. 

വെളളിയാഴ്ച്ച രാത്രി 7.30 കഴിഞ്ഞ് സുഹൃത്തിന്റെ വിവാഹ സത്ക്കാരത്തിന്‍ പങ്കെടുത്ത് ഉടന്‍ മടങ്ങി വരുമെന്ന്  ഭാര്യയെ ഫോണില്‍ വിളിച്ച് പറഞ്ഞിരുന്നു. ഏറെ വൈകിയും വരാതിരുന്നതോടെ രാത്രി പത്തരയ്ക്ക് ശേഷം വീണ്ടും  വിളിച്ചപ്പോള്‍  സുഹൃത്തുക്കളുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുന്ന സംഭാഷണം കേട്ടു. പിന്നീട് വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ല. ശനിയാഴ്ച്ച രാവിലെ പൊലീസ്  അറിയിച്ചപ്പോഴാണ് മരണ വിവരം അറിയുന്നതെന്നാണ് ഭാര്യയുടെ വെളിപ്പെടുത്തല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com