'ഡബിൾ മാസ്കിങ്ങ് ചെയ്യുക എന്നാൽ രണ്ട് തുണി മാസ്കുകൾ ധരിക്കുക എന്നതല്ല'- വിശദീകരിച്ച് മുഖ്യമന്ത്രി

'ഡബിൾ മാസ്കിങ്ങ് ചെയ്യുക എന്നാൽ രണ്ട് തുണി മാസ്കുകൾ ധരിക്കുക എന്നതല്ല'- വിശദീകരിച്ച് മുഖ്യമന്ത്രി
മുഖ്യമന്ത്രി പിണറായി വിജയന്‍/ ഫയല്‍
മുഖ്യമന്ത്രി പിണറായി വിജയന്‍/ ഫയല്‍

തിരുവനന്തപുരം: കോവിഡിനെ പ്രതിരോധിക്കാൻ മാസ്ക് ധരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഓർമിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇരട്ട മാസ്കുകൾ ധരിക്കുന്നത് പ്രധാനമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം ആവർത്തിച്ചത്. 

അമേരിക്കൻ ജേർണൽ ഓഫ് ട്രോപ്പിക്കൽ മെഡിസിൻ ആൻ്റ് ഹൈജീനും, പ്രൊസീഡിങ്ങ്സ് ഓഫ് ദ നാഷണൽ അക്കാദമി ഓഫ് സയൻസസും നടത്തിയ പഠനഫലങ്ങൾ ഈ ഘട്ടത്തിൽ നമ്മൾ ഗൗരവത്തോടെ കാണേണ്ടതാണ്. കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കിയ ലോകത്തെ വിവിധ പ്രദേശങ്ങളിലെല്ലാം മാസ്കുകളുടെ ഉപയോഗം കർക്കശമായി നടപ്പിലാക്കപ്പെട്ടിരുന്നു എന്നവർ കണ്ടെത്തി. മാസ്കുകളുടെ ശാസ്ത്രീയമായ ഉപയോഗം  എത്രമാത്രം പ്രധാനപ്പെട്ടതാണെന്നാണ് ഈ പഠനം വ്യക്തമാക്കുന്നത്- മുഖ്യമന്ത്രി പറഞ്ഞു. 

വീടിനു പുറത്തെവിടേയും ഡബിൾ മാസ്കിങ്ങ് ഉപയോഗിക്കുന്നത് പ്രധാനമാണെന്ന്  പല തവണ വിശദമാക്കിയതാണ്. അത്രയും പ്രധാനപ്പെട്ട കാര്യമായതുകൊണ്ട്, അക്കാര്യം വീണ്ടും ഓർമ്മിപ്പിക്കുകയാണ്.  ഡബിൾ മാസ്കിങ്ങ് ചെയ്യുക എന്നാൽ രണ്ടു തുണി മാസ്കുകൾ ധരിക്കുക  എന്നതല്ല. ഒരു സർജിക്കൽ മാസ്ക് ധരിച്ചതിനു ശേഷം അതിനു മുകളിൽ തുണി മാസ്ക് വെക്കുകയാണ് വേണ്ടത്. ഈ തരത്തിൽ മാസ്കുകൾ ധരിക്കുകയും, കൈകൾ ഇടയ്ക്കിടെ ശുചിയാക്കുകയും ചെയ്താൽ രോഗബാധ വലിയ തോതിൽ തടയാൻ നമുക്ക് സാധിക്കും. 

മാസ്കുകൾ ധരിക്കുന്നതിൻ്റെ പ്രാധാന്യം ജനങ്ങളെ ബോധവത്കരിക്കാൻ വ്യക്തികളും സംഘടനകളും മുന്നോട്ടു വരണമെന്നുകൂടി അഭ്യർഥിക്കുകയാണ്. സിനിമാ സാംസ്കാരിക മേഖകളിലെ പ്രമുഖരും മതമേലദ്ധ്യക്ഷരും രാഷ്ട്രീയ നേതാക്കളും സാഹിത്യകാരന്മാരും, മാധ്യമപ്രവർത്തകരും ഉൾപ്പെടെ എല്ലാ തുറകളിലുള്ളവരും മാസ്കുകൾ ധരിക്കുന്ന പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാൻ  ഇടപെടൽ നടത്തണം. അത്തരത്തിലുള്ള ഇടപെടൽ നമ്മുടെ അയൽരാജ്യമായ ബം​ഗ്ലാദേശിൽ മികച്ച മാറ്റമുണ്ടാക്കിയെന്ന് പ്രസിദ്ധമായ യേൽ സർവകലാശാലയുടെ പഠനം കണ്ടെത്തിയിട്ടുണ്ട്.  ഈ ഘട്ടത്തിൽ അത്തരമൊരു ഇടപെടൽ എല്ലാവരിൽ നിന്നുമുണ്ടാകണമെന്ന്  അഭ്യർത്ഥിക്കുന്നു. 

ഓഫീസ് ഇടങ്ങളിൽ പലപ്പോളും ഇത്തരം ശ്രദ്ധ കുറയുന്ന ഒരു പ്രവണത ഉണ്ട്. മാസ്കുകൾ ധരിക്കുന്നതിൽ അലംഭാവവും അശ്രദ്ധമായ അടുത്തിടപഴകലുകളും ജോലി സ്ഥലങ്ങളിൽ ഉണ്ടാകാൻ പാടുള്ളതല്ല. ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതും ഒഴിവാക്കേണ്ടതാണ്- മുഖ്യമന്ത്രി വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com