ഉത്തരം പറയുമ്പോള്‍ പരിഭ്രമം,മൊഴിയില്‍ പൊരുത്തക്കേട്, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നിര്‍ണായകമായി; രാഹുലിന്റെ കൊലപാതകത്തില്‍ പ്രതികള്‍ പിടിയിലായത് ഇങ്ങനെ 

കറുകച്ചാലിലെ ബസ് ജീവനക്കാരന്‍ രാഹുലിന്റെ മരണം കൊലപാതകമാണ് എന്ന കണ്ടെത്തലിലേക്ക് നയിച്ചത് മര്‍ദ്ദനമേറ്റാണ് മരണമെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോട്ടയം: കറുകച്ചാലിലെ ബസ് ജീവനക്കാരന്‍ രാഹുലിന്റെ മരണം കൊലപാതകമാണ് എന്ന കണ്ടെത്തലിലേക്ക് നയിച്ചത് മര്‍ദ്ദനമേറ്റാണ് മരണമെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. രാഹുലിന്റെ സഹപ്രവര്‍ത്തകരായ സുനീഷിനെയും വിഷ്ണുവിനെയും വീണ്ടും ചോദ്യം ചെയ്തതോടെയാണ് സത്യം പുറത്തുവന്നത്.

ചമ്പക്കര കൊച്ചുകണ്ടം ബംഗ്ലാകുന്നേല്‍ രാഹുല്‍ രാജുവിനെ (35) കൊലപ്പെടുത്തിയ കേസിലാണ് വിഷ്ണുവിനെയും സുനീഷിനെയും അറസ്റ്റ് ചെയ്തത്. പ്രതികളായ സുനീഷും വിഷ്ണുവും രാഹുലിന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തിരുന്നു. രഞ്ചുവിന്റെ വിവാഹസല്‍ക്കാരത്തിനു ശേഷം രാത്രി രാഹുലും തങ്ങളും സന്തോഷത്തോടെയാണ് പിരിഞ്ഞതെന്നാണ് സുനീഷും വിഷ്ണുവും ആദ്യം പൊലീസിനു മൊഴി നല്‍കിയത്. ഉത്തരം പറയുമ്പോള്‍ ഇരുവരുടെയും പരിഭ്രമം പൊലീസ് അന്നേ ശ്രദ്ധിച്ചിരുന്നു. 

മര്‍ദനമേറ്റാണ് മരണമെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ പൊലീസ് ഇരുവരെയും വീണ്ടും ചോദ്യം ചെയ്തു. രഞ്ചുവിന്റെ വീട്ടിലെ സല്‍ക്കാരത്തിനു ശേഷം തിരികെ പോയ സമയത്തെപ്പറ്റി ചോദിച്ചപ്പോള്‍ രണ്ടു പേരും രണ്ട് ഉത്തരമാണ് പറഞ്ഞത്. ഇതോടെ പൊലീസിനു കൂടുതല്‍ സംശയമായി.

കൊലപാതകം നടന്ന ദിവസം രാത്രി 10.20ന് രാഹുലിന്റെ ഭാര്യ ശ്രീവിദ്യ വിളിച്ചപ്പോള്‍ രാഹുല്‍ ഫോണ്‍ എടുത്തെങ്കിലും സംസാരിച്ചിരുന്നില്ല. രാഹുല്‍ നിന്ന സ്ഥലത്ത് ബഹളം നടക്കുന്നതായി ശ്രീവിദ്യ കേട്ടിരുന്നു. വിഷ്ണുവിന്റെയും സുനീഷിന്റെയും പേരുകള്‍ വിളിച്ച് രാഹുല്‍ രോഷത്തോടെ സംസാരിക്കുന്നതും ശ്രീവിദ്യ കേട്ടു. ഫോണില്‍ റിക്കാര്‍ഡ് ചെയ്യപ്പെട്ട ഈ സംഭാഷണം ശ്രീവിദ്യ പൊലീസിനു കൈമാറിയതോടെ പൊലീസ് വീണ്ടും ചോദ്യം ചെയ്തു. അപ്പോഴും പ്രതികള്‍ കുറ്റം സമ്മതിച്ചില്ല. പഴയ മൊഴിയില്‍ത്തന്നെ ഉറച്ചു നിന്നു. ഫോണ്‍ സംഭാഷണവും സിസിടിവി ദൃശ്യങ്ങളും കാണിച്ചതോടെയാണ് കുറ്റം സമ്മതിച്ചത്. 

മദ്യപിച്ചു കഴിഞ്ഞാല്‍ രാഹുലും സുനീഷും തമ്മില്‍ പലപ്പോഴും വാക്കുതര്‍ക്കം പതിവായിരുന്നെന്ന് പൊലീസ് പറയുന്നു. രാഹുല്‍ പലപ്പോഴും മറ്റുള്ളവരുടെ മുന്നില്‍ വച്ച് അസഭ്യം പറഞ്ഞിരുന്നതായി സുനീഷ് പൊലീസിനോടു പറഞ്ഞു. വിവാഹ സല്‍ക്കാരത്തില്‍ വച്ചും ഇങ്ങനെയുണ്ടായെന്ന് സുനീഷ് മൊഴി നല്‍കി. തുടര്‍ന്നാണ് ഗ്യാരേജില്‍ തിരിച്ചുവന്ന ശേഷം രാഹുലിനെ മര്‍ദിക്കാന്‍ സുനീഷും വിഷ്ണുവും തീരുമാനിച്ചതെന്ന് പൊലീസ് പറയുന്നു.

അര കിലോഗ്രാം ഭാരമുള്ള ടിക്കറ്റ് റാക്ക് കൊണ്ടുള്ള അടിയില്‍ രാഹുലിന്റെ തലയോട്ടി പൊട്ടി. ചവിട്ടേറ്റ് നെഞ്ചില്‍ വാരിയെല്ല് ഒടിഞ്ഞു രക്തം ശ്വാസകോശത്തില്‍ എത്തി. പോസ്റ്റ്‌മോര്‍ട്ടം വേളയില്‍ കൊലപാതകമെന്ന സംശയം തോന്നിയത് ഈ മര്‍ദനങ്ങളുടെ ലക്ഷണങ്ങള്‍ മൂലമാണെന്ന് കോട്ടയം കാറിനടിയില്‍ ഞെരിഞ്ഞാല്‍ ദേഹത്ത് ഇത്തരം മുറിവുണ്ടാകില്ലെന്നും ഡോക്ടര്‍ അറിയിച്ചു. 

കഴിഞ്ഞ ശനിയാഴ്ചയാണ് വീടിന് സമീപമുളള റോഡില്‍ സ്വന്തം കാറിനടിയില്‍ രാഹുലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാറിന്റെ തകരാര്‍ പരിഹരിക്കാന്‍ കാറിനടിയില്‍ കയറിയ രാഹുല്‍ പുറത്തിറങ്ങാനാകാതെ വാഹനത്തിനിടയില്‍ പെടുകയായിരുന്നുവെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ രാഹുലിന്റേത് അപകട മരണമല്ലെന്നും ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിച്ചിരുന്നു. മരണത്തില്‍ സംശയം പ്രകടിപ്പിച്ച് കുടുബം രംഗത്തെത്തിയതോടെയാണ് അന്വേഷണത്തില്‍  കൊലപാതകമാണെന്ന് തെളിഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com