അമ്മയും പിഞ്ചു കുഞ്ഞും വീടിന്റെ സിറ്റൗട്ടിൽ കഴിഞ്ഞ കേസ്; ഭർത്താവ് അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st August 2021 12:41 PM  |  

Last Updated: 01st August 2021 12:41 PM  |   A+A-   |  

arrest

പ്രതീകാത്മക ചിത്രം

 

പാലക്കാട്: ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ച് വീട് പൂട്ടി പോയ ഭർത്താവ് അറസ്റ്റിൽ. പാലക്കാട് ധോണി സ്വദേശി മനു കൃഷ്ണനാണ് പിടിയിലായത്. ഇയാളെ കോയമ്പത്തൂരിലെ ബന്ധു വീട്ടിൽ നിന്ന് ഇന്ന് പുലർച്ചെ ഹേമാംബിക നഗർ പൊലീസാണ് അറസ്റ്റ് ചെയ്തത്.

പത്തനംതിട്ട സ്വദേശിനിയായ ശ്രുതിയാണ് മനു കൃഷ്ണന്റെ ഭാര്യ. ശ്രുതി പ്രസവത്തിന് പോയ ശേഷം മടങ്ങി വന്നപ്പോൾ ഇയാൾ വീട്ടിൽ കയറ്റിയിരുന്നില്ല. കാരണം പോലും വ്യക്തമാക്കാതെയുള്ള ഭർത്താവിന്റെ നടപടിയെ തുടർന്ന് ശ്രുതിയും കുഞ്ഞും വീടിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. തുടർന്ന് ഇവർ കോടതിയെ സമീപിക്കുകയായിരുന്നു. 

കോടതി ഇടപെട്ട് യുവതിക്കും കുഞ്ഞിനും സംരക്ഷണം ഒരുക്കണമെന്ന് ഉത്തരവിട്ടിരുന്നു. ഇത് പാലിക്കാതെ വന്നതോടെയാണ് മനുവിനെ പൊലീസ് പിടികൂടിയത്. ഗാർഹിക പീഡനം, കുട്ടികളുടെ അവകാശലംഘനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. 

മനുവും ശ്രുതിയും (24) ഒരു വർഷം മുൻപാണു വിവാഹിതരായത്. ജൂലൈ ഒന്നിനാണു പത്തനംതിട്ടയിൽ നിന്ന് ഇവർ ഭർത്താവിന്റെ വീട്ടിലെത്തിയത്. ഭാര്യയും കുഞ്ഞും എത്തുന്ന വിവരം അറിഞ്ഞതോടെ ഭർത്താവു വീടു പൂട്ടി പോയെന്നാണു പരാതി. ഒൻപതാം തീയതി വരെ സമീപത്തെ വീടുകളിൽ കഴിഞ്ഞ ശ്രുതി പിന്നീട് കുഞ്ഞുമൊത്തു വീടിന്റെ സിറ്റൗട്ടിൽ താമസമാക്കുകയായിരുന്നു. 

മനു താമസിക്കുന്ന വീടിനടുത്താണ് ശ്രുതിയും കുട്ടിയും താമസിക്കുന്നത്. ഇയാളെ ഇന്നലെ മുതൽ കാണാതായതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചതും അറസ്റ്റിലായതും.