ഓണത്തിന് മുമ്പ് കോവിഡിനെ വരുതിയിലാക്കണം, ടിപിആർ പത്തിൽ കൂടുതലുള്ളിടത്ത് സമ്പൂർണ അടച്ചിടൽ; ലോക്ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റംവരുത്തിയേക്കും  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st August 2021 08:07 AM  |  

Last Updated: 01st August 2021 08:07 AM  |   A+A-   |  

Kerala_Lockdown_EPS

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനം ഉയർന്ന തോതിൽ തുടരുന്ന സാഹചര്യത്തിൽ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ സമ്പൂർണ മാറ്റം‌ പരിഗണിക്കുകയാണ് സർക്കാർ. പത്തിൽ കൂടുതൽ ടിപിആർ ഉള്ള പ്രദേശങ്ങൾ വാർഡ് / ക്ലസ്റ്റർ തലത്തിൽ പൂർണമായി അടച്ചിടാൻ നടപടിയുണ്ടാകും.  ടിപിആർ പത്തിൽ കൂടുതലുള്ള പ്രദേശങ്ങളിൽ കടുത്ത നിയന്ത്രണം നടപ്പാക്കണമെന്നു കേന്ദ്ര സർക്കാർ നിർദേശിച്ചിട്ടുണ്ട്. 

കോവിഡ് പോസിറ്റീവ് ആകുന്നവരെ നിരീക്ഷണകേന്ദ്രത്തിലാക്കി ചികിത്സിക്കാനും സർക്കാർ ആലോചിക്കുന്നു. ഓണത്തിനു കൂടുതൽ ഇളവു സാധ്യമാകും വിധം കോവിഡ് നിയന്ത്രിക്കാനാണു ശ്രമം. ശനി, ഞായർ ദിവസങ്ങളിൽ നടപ്പാക്കിവരുന്ന വാരാന്ത്യ ലോക്ഡൗൺ ഒഴിവാക്കണമെന്നും വിനോദ മേഖലയുടെ പ്രവർത്തനം നിയന്ത്രണങ്ങളോടെ  അനുവദിക്കണമെന്നും നിർദേശമുണ്ട്.

ടിപിആർ കുറഞ്ഞ പ്രദേശങ്ങളിലെ കടകളെല്ലാം എല്ലാ ദിവസവും തുറക്കും. കടകളിലെ ജീവനക്കാരെ എല്ലാ ആഴ്ചയിലും പരിശോധിക്കാൻ സംവിധാനമൊരുക്കും. കോവിഡ് പരിശോധന ദിവസം 2 ലക്ഷമായി കൂട്ടാനാണ് ഉദ്ദേശിക്കുന്നത്.  സമ്പർക്കപ്പട്ടികയും കർശനമായി പരിശോധിക്കും.

നിയന്ത്രണങ്ങളും ഉളവുകളും സംബന്ധിച്ച എല്ലാ നിർദേശങ്ങളും നാളെ ചീഫ് സെക്രട്ടറി തലത്തിൽ പരിശോധിച്ചു മുഖ്യമന്ത്രിക്കു കൈമാറും. ചൊവ്വാഴ്ച നടക്കുന്ന അവലോകന യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനമുണ്ടാകും.