കൊടകര വിവരങ്ങൾ തേടി തമിഴ്നാട് പൊലീസ്; സേലം കുഴൽപ്പണക്കേസ് അന്വേഷണം ആരംഭിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st August 2021 10:33 AM  |  

Last Updated: 01st August 2021 10:33 AM  |   A+A-   |  

Salem black money case

ഫയല്‍ ചിത്രം

 

തൃശൂർ: ബിജെപിയുടെ തെരഞ്ഞെടുപ്പിനായി എത്തിച്ച പണം സേലത്ത് വച്ച് കവർന്നതായി പറയുന്ന സംഭവത്തെക്കുറിച്ച് തമിഴ്നാട് പൊലീസ് അന്വേഷണം ആരംഭിച്ചു. തെരഞ്ഞെടുപ്പിനായി ബിജെപി പാലക്കാട്ടേക്ക് കൊണ്ടുവന്നു എന്ന് പറയുന്ന 4.4 കോടിയാണ് സേലത്ത് വച്ച് കവർച്ച ചെയ്യപ്പെട്ടത്. മാർച്ച് ആറിന് കൊണ്ടുവന്ന പണം സേലത്ത് കവർന്ന കാര്യം കൊടകര കുഴൽപ്പണക്കേസ് അന്വേഷിച്ച കേരള പൊലീസാണ് കണ്ടെത്തിയത്. ഇക്കാര്യം കൊടകരക്കേസിൽ സമർപ്പിച്ച കുറ്റപത്രത്തിലുണ്ട്. 

ഇതുകാണിച്ചുള്ള കേരള പൊലീസിന്റെ എഫ്ഐആറിൽ തമിഴ്നാട് കൊങ്കണാപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സേലത്ത് പണം എത്തിച്ചത് കൊടകരക്കേസിലെ മുഖ്യസാക്ഷിയായ ധർമരാജനായിരുന്നു. കൊടകരക്കേസിൽ ധർമരാജൻ നൽകിയ മൊഴിയിലാണ് സേലത്തെ കവർച്ചയെപ്പറ്റിയും പറഞ്ഞത്. ഈ സാഹചര്യത്തിലാണ് തമിഴ്നാട് പൊലീസ് അന്വേഷണം തുടങ്ങിയത്.

കൊടകര കുഴൽപ്പണക്കവർച്ചക്കേസ്‌ അന്വേഷിക്കുന്ന സംഘത്തിൽ നിന്ന്‌ തമിഴ്‌നാട്‌ പൊലീസ്‌ വിവരങ്ങൾ ശേഖരിച്ചു. ധർമരാജന്റെ സഹോദരൻ ധനരാജന്റെ നേതൃത്വത്തിലായിരുന്നു ബംഗളൂരുവിൽ നിന്ന് സേലം വഴി പാലക്കാട്ടേക്ക് പണം കൊണ്ടുവന്നത്. കൊടകരയിലേതിന് സമാനമായി സേലത്തും വാഹനം തട്ടിയെടുത്ത് പണം കവർന്ന് കാർ ഉപേക്ഷിക്കുകയായിരുന്നു. ഈ വാഹനം ഇപ്പോഴും കൊങ്കണാപുരം പൊലീസ് സ്റ്റേഷന് മുന്നിലുണ്ടെന്ന് കൊടകരക്കേസിലെ കുറ്റപത്രത്തിൽ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.