കൊറോണ വൈറസിന്റെ പുതിയ വകഭേദം കേരളത്തിൽ ഇല്ല; 90 ശതമാനവും ഡെൽറ്റ തന്നെ: പഠനം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd August 2021 09:04 AM  |  

Last Updated: 02nd August 2021 09:04 AM  |   A+A-   |  

delta variant of coronavirus

ഫയല്‍ ചിത്രം

 

ന്യൂഡൽഹി:  കേരളത്തിൽ കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുകയാണെങ്കിലും സംസ്ഥാനത്ത് കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്താനായിട്ടില്ലെന്ന് പഠനം. സംസ്ഥാനത്ത് പരിശോധിച്ച കോവിഡ് സാംപിളുകളിൽ 90.17 ശതമാനത്തിലും തീവ്രവ്യാപനശേഷിയുള്ള ഡെൽറ്റ വകഭേദത്തിന്റെ സാന്നിധ്യമാണ് കണ്ടെത്തിയിട്ടുള്ളത്. ജനിതക ശ്രേണീകരണ പഠനത്തിനായി മേയ് – ജൂലൈ മാസങ്ങളിൽ ശേഖരിച്ച 835 സാംപിളുകളിൽ 753 എണ്ണത്തിലും ഡെൽറ്റ വൈറസിനെ കണ്ടെത്തി. 

അടുത്തിടെ സി.37 പെറു, ചിലി എന്നിവിടങ്ങളിലും, എ.വൈ.3 യുഎസിലും ആശങ്കയുണ്ടാക്കുന്ന പുതിയ കൊറോണ വൈറസ് വകഭേദം കണ്ടെത്തിയിട്ടുണ്ട്. ഇവ ഡെൽറ്റയേക്കാൾ വ്യാപന ശേഷി കൂടിയതാണോ എന്ന് വ്യക്തമല്ലെങ്കിലും ഇവയുടെ സാന്നിധ്യം സംസ്ഥാനത്തില്ലെന്നാണ് പഠനത്തിൽ പറയുന്നത്.

മാർച്ചിൽ ആൽഫ വകഭേദമായിരുന്നു കേരളത്തിൽ കൂടുതലെങ്കിൽ പിന്നീടിങ്ങോട്ട് ഡെൽറ്റയുടെ സാന്നിധ്യം വർധിച്ചു. കാപ്പ വകഭേദം ഏപ്രിൽ, മേയ് മാസങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും പിന്നീട് കുറഞ്ഞു. അതേസമയം ഡെൽറ്റയുടെ സാന്നിധ്യം സംസ്ഥാനത്തിന് ആശങ്കാജനകമാന്നും കോവിഡ് പ്രതിരോധ നടപടികൾ കൂടുതൽ ശക്തമാക്കണമെന്ന സൂചനയാണ് ജനിതക ശ്രേണീകരണ റിപ്പോർട്ട് നൽകുന്നതെന്നും പഠനം നടത്തിയ ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്സ് ആൻഡ് ഇന്റഗ്രേറ്റിവ് ബയോളജിയിലെ (ഐജിഐബി) പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. വിനോദ് സ്കറിയ പറഞ്ഞു.