'വിവാഹം കഴിക്കാന്‍ ജാമ്യം വേണം'; ഫാ. റോബിന്‍ വടക്കുംചേരിയുടെയും പെണ്‍കുട്ടിയുടേയും ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd August 2021 07:39 AM  |  

Last Updated: 02nd August 2021 07:39 AM  |   A+A-   |  

robin

ഫാ. റോബിന്‍/ഫയല്‍

 

ന്യൂഡല്‍ഹി : വിവാഹം കഴിക്കുന്നതിനായി ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കാട്ടിയൂര്‍ പീഡന കേസില്‍ പീഡനത്തിന് ഇരയായ  പെണ്‍കുട്ടിയും, കുറ്റവാളിയായ മുന്‍ വൈദികന്‍ റോബിന്‍ വടക്കുംചേരിയും നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് വിനീത് സരണ്‍ അദ്ധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുക.

ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണ് നടന്നത്. വിവാഹം കഴിക്കാനുള്ള അവകാശം അംഗീകരിക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കോടതിയെ സമീപിച്ചിട്ടുള്ളത്. സര്‍ക്കാരിന്റെ സംരക്ഷണയിലുള്ള തങ്ങളുടെ കുഞ്ഞിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ അനുവദിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. 

നേരത്തെ ഇരയുടെയും പ്രതി റോബിന്‍ വടക്കുംചേരിയുടെയും ഈ ആവശ്യം ഉന്നയിച്ചുള്ള ഹര്‍ജി കേരള ഹൈക്കോടതി തള്ളിയിരുന്നു. ഹൈക്കോടതി വിധി റദ്ദാക്കി വിവാഹിതരാകാന്‍ അനുവദിക്കണമെന്നും, ഇതിനായി ജാമ്യം നല്‍കണമെന്നും റോബിന്‍ വടക്കുംചേരി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

തന്റെ കുഞ്ഞിന്റെ പിതാവായ റോബിന്‍ വടക്കുംചേരിക്കൊപ്പം ജീവിക്കാന്‍ അനുവദിക്കണമെന്നാണ് പീഡനക്കേസിലെ ഇരയായ പെണ്‍കുട്ടി ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. നാല് വയസ്സുള്ള മകനെ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ അച്ഛന്റെ പേര് രേഖപെടുത്തുന്നതിന് വിവാഹം അനിവാര്യമാണ്. സ്വന്തം ഇഷ്ടപ്രകാരമാണ് ഫാ. റോബിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതെന്നും പെണ്‍കുട്ടി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.