റോബിന് ജാമ്യം ഇല്ല; ഹര്‍ജികളില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി, ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd August 2021 12:56 PM  |  

Last Updated: 02nd August 2021 02:48 PM  |   A+A-   |  

robin

ഫാ. റോബിന്‍/ഫയല്‍

 

ന്യൂഡല്‍ഹി: വിവാഹത്തിനായി ജാമ്യം നല്‍കണമെന്ന ആവശ്യപ്പെട്ട് കൊട്ടിയൂര്‍ പീഡന കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ വൈദികന്‍ റോബിന്‍ വടക്കുംചേരി നല്‍കിയ ഹര്‍ജിയില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി. ഇതേ ആവശ്യം ഉന്നയിച്ച് കേസിലെ ഇര നല്‍കിയ ഹര്‍ജിയിലും ഇടപെടാന്‍ ജസ്റ്റിസുമാരായ വിനീത് ശരണും ദിനേഷ് മഹേശ്വരിയും അടങ്ങിയ ബെഞ്ച് വിസമ്മതിച്ചു. ഹര്‍ജിക്കാര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്ന് ബെഞ്ച് അറിയിച്ചു.

വിവാഹത്തിനായി ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റോബിന്‍ വടക്കുംചേരിയും കേസിലെ ഇരയുമാണ് ഹര്‍ജികള്‍ നല്‍കിയത്. കേസിലെ ഇരയെ വിവാഹം കഴിക്കാന്‍ ജാമ്യം അനുവദിക്കണം എന്നാണ് സുപ്രീം കോടതിയില്‍ റോബിന്‍ വടക്കുംചേരി നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. റോബിനെ വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്നും ഇതിനായി അദ്ദേഹത്തിനു രണ്ട് മാസത്തെ ജാമ്യം അനുവദിക്കണം എന്നും പെണ്‍കുട്ടിയും കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

ഹര്‍ജി പരിഗണിച്ചപ്പോള്‍ ഇരുവരുടെയും പ്രായം കോടതി ആരാഞ്ഞു. റോബിന് 45ഉം ഇരയ്ക്ക് 25ഉം ആണെന്ന് അദ്ദേഹത്തിനു വേണ്ടി ഹാജരായ അഭിഭാഷന്‍ അറിയിച്ചപ്പോള്‍ ഹൈക്കോടതിയെ സമീപിക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.

ഇതേ ആവശ്യം ഉന്നയിച്ച് നേരത്തെ റോബിന്‍ വടക്കുംചേരി ഹൈക്കോടതി സമീപിച്ചെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു. ഹൈക്കോടതിയുടെ തീരുമാനത്തില്‍ ഇടപെടാന്‍ കാരണമൊന്നും കാണുന്നില്ലെന്ന് സുപ്രീം കോടതി വിലയിരുത്തി.