റിമാന്‍ഡ് പ്രതി മരിച്ചു; ആന്തരികാവയവങ്ങള്‍ക്ക് ക്ഷതം,ദുരൂഹതയെന്ന് ബന്ധുക്കള്‍; മദ്യം ലഭിക്കാതെ വിഭ്രാന്തി കാട്ടിയെന്ന് ജയിലധികൃതര്‍

പത്ത് ദിവസം ബോധമില്ലാതെ ഗുരുതരാവസ്ഥയില്‍ കിടന്ന ശേഷമാണ് മരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
റിമാന്‍ഡില്‍ മരിച്ച കരുണാകരന്‍ ടെലിവിഷന്‍ ചിത്രം
റിമാന്‍ഡില്‍ മരിച്ച കരുണാകരന്‍ ടെലിവിഷന്‍ ചിത്രം

കാസര്‍കോട്: ബദിയടുക്കയില്‍ എക്‌സൈസ് കസ്റ്റഡിയിലെടുത്ത റിമാന്‍ഡ് പ്രതി മരിച്ച നിലയില്‍. നാല്‍പ്പതുകാരനായ ബെള്ളൂര്‍ ബസ്തി സ്വദേശി കരുണാകരനാണ് മരിച്ചത്.

ഹോസ്ദുര്‍ഗ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെയാണ് മരിച്ചത്. കസ്റ്റഡിയിലിരിക്കെ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു. പത്ത് ദിവസം ബോധമില്ലാതെ ഗുരുതരാവസ്ഥയില്‍ കിടന്ന ശേഷമാണ് മരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. പേശികള്‍ക്കും ആന്തരിക അവയവങ്ങള്‍ക്കും ക്ഷതം ഏറ്റിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പരിയാരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു.

എക്‌സൈസ് ഉദ്യോഗസ്ഥരുടെ മര്‍ദ്ദനമേറ്റാണ് മരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കസ്റ്റഡിയില്‍ മര്‍ദ്ദിച്ചിട്ടില്ലെന്ന് എക്‌സൈസ് അധികൃതര്‍ വിശദീകരിച്ചു. ജയിലില്‍ വച്ച് അപസ്മാരം ആയതിനാലാണ് ആശുപത്രിയിലാക്കിയത്. മദ്യം ലഭിക്കാതെ വന്നപ്പോള്‍ പ്രതി വിഭ്രാന്തി കാട്ടിയതായും ജയിലധികൃതര്‍ പറഞ്ഞു.  ജൂലൈ 19 ന് അതിര്‍ത്തി വഴി വാനില്‍ ചാരായം കടത്തുമ്പോഴാണ് കരുണാകരനെ പിടികൂടിയത്. അന്ന് തന്നെ കോടതിയില്‍ ഹാജരാക്കിയെന്നും എക്‌സൈസ് അധികൃതര്‍ അറിയിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com