'സ്വാഭാവിക നീതി നിഷേധിച്ചു'; ബന്ധുനിയമന വിവാദത്തില്‍ കെ ടി ജലീല്‍ സുപ്രീംകോടതിയില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd August 2021 10:27 AM  |  

Last Updated: 03rd August 2021 10:27 AM  |   A+A-   |  

K T JALEEL IN SUPREME COURT

കെടി ജലീല്‍/ ഫയല്‍ചിത്രം

 

ന്യൂഡല്‍ഹി: ബന്ധുനിയമന കേസിലെ ഹൈക്കോടതി വിധിക്കെതിരെ മുന്‍ മന്ത്രി കെ ടി ജലീല്‍ സുപ്രീംകോടതിയില്‍. ലോകായുക്ത റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജലീല്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു. ഡിവിഷന്‍ ബെഞ്ച് വിധിയും ലോകായുക്ത റിപ്പോര്‍ട്ടും സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ജലീല്‍ സുപ്രീംകോടതിയെ സമീപിച്ചത്. ലോകായുക്ത തനിക്ക് സ്വാഭാവിക നീതി നിഷേധിച്ചു എന്ന് ജലീലിന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. ലോകായുക്ത റിപ്പോര്‍്ട്ടിനെ തുടര്‍ന്ന് ജലീല്‍ മന്ത്രിസ്ഥാനം രാജിവെയ്ക്കുകയായിരുന്നു.

ബന്ധുവായ കെ ടി അദീബിനെ ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജരായി നിയമിച്ചതുമായി ബന്ധപ്പെട്ടാണ് ബന്ധുനിയമന വിവാദം ഉയര്‍ന്നത്. നിയമനത്തില്‍ മന്ത്രി കെ ടി ജലീല്‍ സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയെന്നായിരുന്നു ലോകായുക്തയുടെ കണ്ടെത്തല്‍. ഇത് ശരിവെയ്ക്കുന്ന നിലപാടാണ് ഏപ്രിലില്‍ ഹൈക്കോടതി സ്വീകരിച്ചത്. ഇതിനെതിരെയാണ് ജലീല്‍ സുപ്രീംകോടതിയെ സമീപിച്ചത്.

കെ ടി അദീബിന്റെ നിയമനത്തില്‍ സ്വജനപക്ഷപാതം ഉണ്ടായിട്ടില്ല. അധിക യോഗ്യതയാണ് കെ ടി അദീബിന് ഉണ്ടായിരുന്നത്. കോര്‍പ്പറേഷന്റെ തീരുമാനം സര്‍ക്കാര്‍ അംഗീകരിക്കുക മാത്രമാണ് ഉണ്ടായതെന്നും ജലീല്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. കേസില്‍ ലോകായുക്ത ചട്ടങ്ങള്‍ പാലിച്ചില്ല. തനിക്ക് ലോകായുക്ത സ്വാഭാവിക നീതി നിഷേധിച്ചു. ലോകായുക്ത ചട്ടം ഒന്‍പത് പ്രകാരം തന്റെ ഭാഗം കേള്‍ക്കേണ്ടതാണ്. എന്നാല്‍ ചട്ടപ്രകാരം തന്റെ വാദം കേള്‍ക്കുകയോ പ്രാഥമിക അന്വേഷണം നടത്തുകയോ ഉണ്ടായില്ല. പകരം പരാതിക്കാരുടെ വാക്കാലുള്ള പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിലാണ് ലോകായുക്ത റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് ഹര്‍ജിയില്‍ ജലീല്‍ ചൂണ്ടിക്കാണിക്കുന്നു.