കഥകളി ആചാര്യൻ  നെല്ലിയോട് വാസുദേവൻ നമ്പൂതിരി അന്തരിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd August 2021 06:51 AM  |  

Last Updated: 03rd August 2021 06:58 AM  |   A+A-   |  

nelliyodu_Vasudevan_Namboothiri

നെല്ലിയോട് വാസുദേവൻ നമ്പൂതിരി/ഫയല്‍ ചിത്രം

 

തിരുവനന്തപുരം: കഥകളി ആചാര്യനും പ്രസിദ്ധ താടിവേഷക്കാരനുമായ നെല്ലിയോട് വാസുദേവൻ നമ്പൂതിരി (81) അന്തരിച്ചു. ഇന്നലെ രാത്രി പൂജപ്പുര ചാടിയറയിലെ നെല്ലിയോടു മനയിൽ വച്ചായിരുന്നു അന്ത്യം. അർബുദബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. 

ചുവന്നതാടി, വട്ടമുടി, പെൺകരി വേഷങ്ങൾ അവതരിപ്പിക്കുന്നതിൽ മികവു പുലർത്തിയ വാസുദേവൻ നമ്പൂതിരി കലി, ദുശ്ശാസനൻ, ബാലി, നരസിംഹം, കാട്ടാളൻ, നക്രതുണ്ഡി, ഹനുമാൻ എന്നീ വേഷങ്ങളുടെ അവതരണത്തിൽ സവിശേഷമായിരുന്നു. ശ്രീരാമോദന്തം, ശ്രീകൃഷ്ണവിലാസം, നാരായണീയം എന്നിവയുടെ തർജമയും രാസക്രീ‍ഡ എന്ന ആട്ടക്കഥയും രചിച്ചിട്ടുണ്ട്. സംസ്കൃതത്തിൽ ഗായത്രി രാമായണവും താടി വേഷങ്ങളെക്കുറിച്ച് ‘ആഡേപതാണ്ഡവം’ എന്ന കൃതിയും വാസുദേവൻ നമ്പൂതിരി രചിച്ചു.

കുഞ്ചുനായർ സ്മാരക കലാവിഹാർ എന്ന സ്ഥാപനം തുടങ്ങി കഥകളി അഭ്യസിപ്പിച്ചിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി, കേരള സംഗീത നാടക അക്കാദമി പുരസ്കാരങ്ങളും കേരള സർക്കാരിന്റെ കഥകളി പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. സംഗീതനാടക അക്കാദമി ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്.

ഭാര്യ: ശ്രീദേവി അന്തർജനം. മക്കൾ: കഥകളി കലാകാരന്മാരായ മായ (അധ്യാപിക ഇരിങ്ങാലക്കുട), വിഷ്ണു. മൃതദേഹം ഇന്ന് നിലമ്പൂർ വണ്ടൂരിലെ നെല്ലിയോട് മനയിലെത്തിക്കും. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ്.