ശനിയാഴ്ചത്തെ നിയന്ത്രണങ്ങള്‍ ഒഴിവാക്കി; ഇനി സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഞായറാഴ്ച മാത്രം

കോവിഡ് ഇളവുകളുടെ ഭാഗമായി ശനിയാഴ്ചത്തെ ലോക്ക്ഡൗണ്‍ ഒഴിവാക്കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കോവിഡ് ഇളവുകളുടെ ഭാഗമായി സംസ്ഥാനത്ത് ശനിയാഴ്ച ലോക്ക്ഡൗണ്‍ ഒഴിവാക്കി. ഞായറാഴ്ച ലോക്ക്ഡൗണ്‍ തുടരും. ഔദ്യോഗിക പ്രഖ്യാപനം ബുധനാഴ്ച നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിക്കും. ഞായര്‍ ഒഴികെയുള്ള എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കും.

ഒരാഴ്ചയിലെ രോഗികളുടെ കണക്കുനോക്കി മേഖല നിശ്ചയിച്ചു നിയന്ത്രണം ഏര്‍പ്പെടുത്താനാണു തീരുമാനം. നൂറില്‍ എത്ര പേര്‍ രോഗികള്‍ എന്ന് കണക്കാക്കിയാകും മേഖല നിശ്ചയിക്കുക. കൂടുതല്‍ രോഗികള്‍ ഉള്ള സ്ഥലത്ത് കടുത്ത നിയന്ത്രണവും  കുറവുള്ള സ്ഥലങ്ങളില്‍ ഇളവും ഏര്‍പ്പെടുത്തും.

രണ്ടു മാസത്തിലേറെയായി ലോക്ക് ഡൗണ്‍ തുടരുന്നത് ജനങ്ങളില്‍ വലിയൊരു വിഭാഗത്തെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ഇതു ചൂണ്ടിക്കാട്ടി, കോവിഡ് നിയന്ത്രണ രീതികള്‍ മാറ്റണമെന്ന് വിവിധ കോണുകളില്‍നിന്ന ആവശ്യം ഉയര്‍ന്നിരുന്നു ലോക്ക്ഡൗണ്‍ തുടര്‍ന്നിട്ടും കോവിഡ് ഫലപ്രദമായ വിധത്തില്‍ കുറയാത്തതില്‍ കഴിഞ്ഞ അവലോകന യോഗത്തില്‍ മുഖ്യമന്ത്രി അതൃപ്തി അറിയിച്ചിരുന്നു. തുടര്‍ന്ന് ഇക്കാര്യം പരിശോധിക്കാന്‍ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ഈ സമിതിയുടെ ശുപാര്‍ശകള്‍ പരിഗണിച്ചാണ് തീരുമാനം

ടിപിആര്‍ അടിസ്ഥാനമാക്കി തദ്ദേശ സ്ഥാപനങ്ങളെ നാലു വിഭാഗങ്ങളായി തിരിച്ച് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന രീതിയാണ് സംസ്ഥാനത്ത് തുടര്‍ന്നുവരുന്നത്. ഇത് അശാസ്ത്രീയമെന്ന് വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇതു മാറ്റി പകരം ഓരോ പ്രദേശത്തെയും ആകെ കേസുകളുടെ എണ്ണം അടിസ്ഥാനമാക്കി നിയന്ത്രണം കൊണ്ടുവരണമെന്ന നിര്‍ദേശമാണ് ഇന്നത്തെ യോഗം പരിഗണിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com