പ്ലസ് വണ്ണിന് 26,481 സീറ്റുകള്‍ കുറവുണ്ടെന്ന് മന്ത്രി ശിവന്‍കുട്ടി ; മലബാര്‍ മേഖലയില്‍ കൂടുതല്‍ സീറ്റുകള്‍ അനുവദിക്കും

പ്ലസ് വണ്‍ പ്രവേശനത്തില്‍ ആശങ്കപ്പെടേണ്ടതില്ല. മുഴുവന്‍ കുട്ടികള്‍ക്കും പ്രവേശനം ഉറപ്പാക്കും
വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി/ഫയല്‍ ചിത്രം
വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി/ഫയല്‍ ചിത്രം

തിരുവനന്തപുരം : സംസ്ഥാനത്ത് പ്ലസ് വണ്ണിന് 26,481 സീറ്റുകള്‍ കുറവുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. മലപ്പുറത്ത് ഉള്‍പ്പെടെ ചില ജില്ലകളില്‍ സീറ്റ് കുറവാണ്. ചില ജില്ലകളില്‍ സീറ്റ് ഒഴിവുമുണ്ട്. മലബാര്‍ മേഖലയില്‍ കൂടുതല്‍ സീറ്റുകള്‍ അധികമായി അനുവദിക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. നിയമസഭയില്‍ എം കെ മുനീര്‍ നല്‍കിയ അടിയന്ത പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.

20 ശതമാനം സീറ്റ് കൂട്ടിയാലും മലപ്പുറത്ത് 2700 സീറ്റിന്റെ കുറവുണ്ട്. മലപ്പുറം ഒഴികെ എല്ലാ ജില്ലകളിലും സീറ്റ് തികയും. പ്ലസ് വണ്‍ പ്രവേശനത്തില്‍ ആശങ്കപ്പെടേണ്ടതില്ല. മുഴുവന്‍ കുട്ടികള്‍ക്കും പ്രവേശനം ഉറപ്പാക്കും. രണ്ടാം അലോട്ട്‌മെന്റ് കഴിയുന്നതോടെ ആശങ്ക ഒഴിയും. പ്രതിപക്ഷവുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കി. 

എന്നാല്‍ ബാച്ച് വര്‍ധന വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. മന്ത്രിയുടെ കണക്ക് ശരിയല്ലെന്ന് എം കെ മുനീര്‍ പറഞ്ഞു. ഒരു ക്ലാസില്‍ എത്ര കുട്ടികള്‍ ആകാമെന്ന് ഹൈക്കോടതി വിധിയുണ്ട്. നയപരമായ തീരുമാനമാണ് വേണ്ടതെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. 

ഫുള്‍ എ പ്ലസ് കിട്ടിയവര്‍ക്ക് പോലും വേണ്ട സീറ്റ് കിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. 9 ജില്ലകളില്‍ സീറ്റ് കുറവുണ്ടെന്നും സതീശന്‍ ചൂണ്ടിക്കാട്ടി. സീറ്റിന്റെ കാര്യത്തില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കടുത്ത ആശങ്കയിലാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com