കെഎസ്ആര്‍ടിസി വായിക്കാന്‍ കഴിയുന്ന ടിക്കറ്റുകള്‍ നല്‍കണം; ബുദ്ധിമുട്ട് നേരിട്ട യാത്രക്കാരന് പണം മടക്കികൊടുക്കണം; ഉത്തരവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd August 2021 03:34 PM  |  

Last Updated: 03rd August 2021 03:37 PM  |   A+A-   |  

ksrtc_bus

ഫയല്‍ ചിത്രം

 

 

കൊച്ചി: യാത്രക്കാര്‍ക്ക്‌ വായിക്കാന്‍ കഴിയുന്ന ടിക്കറ്റുകള്‍  നല്‍കാന്‍ എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ കെഎസ്ആര്‍ടിസിക്ക് നിര്‍ദ്ദേശം നല്‍കി. ടിക്കറ്റ് ബുക്ക് ചെയ്തിട്ടും യാത്ര ചെയ്യാന്‍ കഴിയാതെ വന്നതിനാല്‍ തുക യാത്രക്കാരനു തിരിച്ചുനല്‍കാനും കമ്മീഷന്‍ ഉത്തരവിട്ടു.

എറണാകുളം ആലുവ സ്വദേശി അഡ്വക്കേറ്റ് റസല്‍ ജോയി സമര്‍പ്പിച്ച പരാതിയിലാണ് ഉപഭോക്തൃ കോടതിയുടെ ഉത്തരവ്.ബംഗളുരൂവില്‍ നിന്ന് എറണാകുളത്തേക്ക് വരുന്നതിനായി കെഎസ്ആര്‍ടിസി യുടെ മള്‍ട്ടി ആക്‌സില്‍ വോള്‍വോ ബസില്‍ ടിക്കറ്റ് ബുക്ക് ചെയ്‌തെങ്കിലും ബസ് നേരത്തെ പുറപ്പെട്ടതിനാല്‍ യാത്ര ചെയ്യാന്‍ കഴിഞ്ഞില്ല എന്നായിരുന്നു ഉപഭോക്താവിന്റെ പരാതി. 

ബസ് കിട്ടാത്തതിനാല്‍ ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്നു. അത് സേവനത്തിലെ ന്യൂനതയാണെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാണിച്ചു.  എന്നാല്‍, കൃത്യസമയത്താണ് ബസ് പുറപ്പെട്ടതെന്നും വീഴ്ച യാത്രക്കാരന്റേതായിരുന്നുവെന്നും കെഎസ്ആര്‍ടിസി കമ്മീഷന്‍ മുമ്പാകെ ബോധിപ്പിച്ചു.

'കേസ് ഫയല്‍ ചെയ്യപ്പെട്ട അപ്പോള്‍ തന്നെ കെഎസ്ആര്‍ടിസി നല്‍കിയ ടിക്കറ്റ് വായിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. ഗുണനിലവാരമില്ലാത്ത യാത്രാടിക്കറ്റ് നല്‍കിയതു തന്നെ സേവനത്തിലെ ന്യൂനതയാണ് ' കമ്മീഷന്‍ വ്യക്തമാക്കി.2019 ജൂലൈ 6 ന് പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഗുണനിലവാരമുള്ള പേപ്പറില്‍ നിലവാരമുള്ള മഷി ഉപയോഗിച്ച് പ്രിന്റ് ചെയ്ത ബില്ലുകള്‍ ലഭിക്കാന്‍ ഉപഭോക്താവിന് അവകാശമുണ്ട്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, പൊതുമേഖലാ സ്വകാര്യ സ്ഥാപനങ്ങളും ഉപഭോക്താവിന് ഗുണനിലവാരമുള്ള പേപ്പറില്‍ നിലവാരമുള്ള മഷി ഉപയോഗിച്ച് പ്രിന്റ് ചെയ്ത വ്യക്തവും വായിക്കാന്‍ കഴിയുന്നതുമായ ബില്ലുകള്‍ നല്‍കണം.
ഈ സര്‍ക്കാര്‍ ഉത്തരവ്  കര്‍ശനമായി പാലിക്കാന്‍ കെഎസ്ആര്‍ടിസി എം.ഡിക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

യാത്രക്കൂലിയായി കെ.എസ്.ആര്‍.ടി.സി ഈടാക്കിയ 931 രൂപ 30 ദിവസത്തിനകം യാത്രക്കാരന് തിരിച്ചുനല്‍കാനും കമ്മീഷന്‍ ഉത്തരവിട്ടു.