ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടിക: കാലാവധി നീട്ടിയത് ഹൈക്കോടതി റദ്ദാക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd August 2021 04:18 PM  |  

Last Updated: 03rd August 2021 04:23 PM  |   A+A-   |  

PSC RANK LIST

ഹൈക്കോടതി /ഫയല്‍ ചിത്രം

 

കൊച്ചി: ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയുടെ കാലാവധി നീട്ടിയ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധി ഹൈക്കോടതി റദ്ദാക്കി. ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ പിഎസ് സി നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി നടപടി. വാദത്തിനിടെ പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നത് എന്തിനാണെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. ലക്ഷക്കണക്കിനാളുകള്‍ പുറത്ത് നില്‍ക്കുമ്പോള്‍ ഇനിയും റാങ്ക് പട്ടികകളുടെ കാലാവധിനീട്ടേണ്ട ആവശ്യമുണ്ടോയെന്നും ഹൈക്കോടതി ആരാഞ്ഞു. 

കഴിഞ്ഞ ദിവസമാണ് ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയുടെ കാലാവധി നീട്ടാന്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണ്‍ ഉത്തരവിട്ടത്. ഓഗസ്റ്റ് മൂന്നിന് കാലാവധി അവസാനിക്കാനിരിക്കേ, സെപ്റ്റംബര്‍ 20 വരെയാണ് നീട്ടിയത്. റാങ്ക് പട്ടികയുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ നല്‍കിയ പരാതിയിലാണ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ നടപടി. ഇതിനെതിരെയാണ് പിഎസ്സി ഹൈക്കോടതിയെ സമീപിച്ചത്. 

നിലവില്‍ റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളിലെല്ലാം നിയമനം നടത്തി. ലിസ്റ്റിന്റെ കാലാവധി നീട്ടുന്നത് പുതിയ ഉദ്യോഗാര്‍ഥികളുടെ അവസരം നഷ്ടപ്പെടാന്‍ ഇടയാക്കുമെന്നായിരുന്നു പിഎസ് സിയുടെ അപ്പീലില്‍ പറയുന്നത്.