എല്ലാവര്‍ക്കും തുല്യനീതിയും അവസരങ്ങളും ഉറപ്പാക്കണം; റാങ്ക് ലിസ്റ്റ് നടപടിക്രമങ്ങള്‍ നിയമപ്രകാരമെന്ന് പിഎസ്‌സി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd August 2021 07:01 PM  |  

Last Updated: 03rd August 2021 07:01 PM  |   A+A-   |  

PSC exam Notification

ഫയല്‍ ചിത്രം

 

തിരുവന്തപുരം: റാങ്ക് ലിസ്റ്റിന്റെ കാലാവധി സംബന്ധിച്ചുള്ള പിഎസ്‌സിയുടെ നടപടിക്രമങ്ങള്‍ ശരിവക്കുന്നതാണ് ഹൈക്കോടതി വിധിയെന്ന് ചെയര്‍മാന്‍ എകെ സക്കീര്‍ പറഞ്ഞു. നീട്ടിയ കാലാവധി അവസാനിക്കുന്ന എല്‍.ജി.എസ്. റാങ്ക് ലിസ്റ്റ് വീണ്ടും നീട്ടണമെന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് െ്രെടബ്യൂണലിന്റെ വിധി ഹൈക്കോടതി റദ്ദാക്കിയത് ശ്രദ്ധേയമാണ്. ഒരു റാങ്ക് ലിസ്റ്റ് സാധാരണ കാലാവധി കഴിഞ്ഞ് നീട്ടുന്ന കാര്യത്തില്‍ കേരള പി.എസ്.സി. റൂള്‍സ് ഓഫ് പ്രൊസീജിയര്‍ ആര്‍ട്ടിക്കിള്‍ 13 പ്രകാരം കൃത്യമായ മാനദണ്ഡം നിര്‍വ്വചിക്കുന്നുണ്ട്. അതുപ്രകാരം സാധാരണ കാലാവധിക്കുള്ളില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിയന്ത്രണമോ, നിയമന നിരോധനമോ നിലനില്‍ക്കുന്ന അസാധാരണ സാഹചര്യം ഉണ്ടെന്ന് ബോധ്യപ്പെട്ടാല്‍ കാലാവധി നീട്ടാം. കോവിഡ് പശ്ചാത്തലത്തില്‍ അപ്രകാരം റാങ്ക് ലിസ്റ്റുകള്‍ ആഗസ്ത് 4 വരെ നീട്ടിയിരുന്നു. 

ഈ കാലയളവിലെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് സര്‍ക്കാര്‍ സത്വര നടപടികളും എടുത്തിരുന്നു. കാലാവധി നീട്ടിയതിനുശേഷം പി.എസ്.സി.യില്‍ റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളും നിയമനശിപാര്‍ശകളും ഇതിന് തെളിവാണ്. എല്‍.ജി.എസ്., എല്‍.ഡി.ക്ലര്‍ക്ക് ഉള്‍പ്പടെയുള്ള പ്രധാന തസ്തികകളുടെ മുഖ്യപരീക്ഷ പൂര്‍ത്തിയാക്കി വേഗത്തില്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനുള്ള പരിശ്രമത്തിലാണ് പി.എസ്.സി.. കോവിഡ് രണ്ടാം തരംഗം സൃഷ്ടിച്ച പ്രതിസന്ധികള്‍ കാരണമാണ് നടപടികള്‍ വൈകിയത്. ഈ സാഹചര്യത്തില്‍ വീണ്ടും റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുന്നത് നീതിയല്ല. മാത്രവുമല്ല ഉദ്യോഗാര്‍ത്ഥികള്‍ എന്നുപറയുന്നത് നിലവില്‍ റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടവര്‍ മാത്രമല്ല ഭാവിയില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുന്നവര്‍ കൂടിയാണ്. എല്ലാവര്‍ക്കും തുല്യനീതിയും അവസരങ്ങളും ഉറപ്പാക്കേണ്ടതാണ്. 

മതിയായ കാരണങ്ങളില്ലാതെ അനിശ്ചിതമായി റാങ്ക് ലിസ്റ്റുകള്‍ നീട്ടുന്നത് പി.എസ്.സി.യുടെ തെരഞ്ഞെടുപ്പ് നടപടിയെ ബാധിക്കുമെന്ന് മാത്രമല്ല തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുകയും ചെയ്യും. റാങ്ക് ലിസ്റ്റുകള്‍ക്ക് നിശ്ചിത കാലാവധി ഉണ്ടാകുകയും ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നുവെന്ന് ഉറപ്പാക്കുകയുമാണ് വേണ്ടത്. കൃത്യമായ നടപടിക്രമങ്ങളും ചട്ടങ്ങളും പാലിച്ച് പ്രവര്‍ത്തിക്കുന്ന കേരള പി.എസ്.സി.യെ സംബന്ധിച്ച് കേരള ഹൈക്കോടതി വിധി വലിയ പിന്തുണയാണ്.