ഐബിഎമ്മിന്റെ പുതിയ ഡെവലപ്പ്‌മെന്റ് സെന്റര്‍ കൊച്ചിയില്‍; വാര്‍ത്ത പങ്കുവെച്ച് മുഖ്യമന്ത്രി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th August 2021 07:34 PM  |  

Last Updated: 04th August 2021 07:34 PM  |   A+A-   |  

IBM DEVELOPMENT CENTRE IN KOCHI

മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ഐബിഎമ്മിന്റെ ചിത്രം

 

തിരുവനന്തപുരം: പ്രമുഖ ഐടി കമ്പനി ഐബിഎം പുതിയ ഡെവലപ്പ്‌മെന്റ് സെന്റര്‍ കൊച്ചിയില്‍ ആരംഭിക്കുന്നു. ഐടി മേഖലയില്‍ നവീനമായ ആശയങ്ങളും സാങ്കേതിക വിദ്യകളും വികസിപ്പിക്കുന്ന ഐബിഎം സോഫ്റ്റ് വെയര്‍ ലാബ്‌സിന്റെ സെന്ററാണ് കൊച്ചിയില്‍ സ്ഥാപിക്കാന്‍ പോകുന്നത്.

ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യകളുപയോഗിച്ച് ഡാറ്റ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സെക്യൂരിറ്റി തുടങ്ങിയ മേഖലകളില്‍ നൂതനമായ ഉല്പന്നങ്ങള്‍ നിര്‍മ്മിക്കുക എന്നതായിരിക്കും കൊച്ചിയില്‍ ആരംഭിക്കാന്‍ പോകുന്ന പുതിയ സെന്ററിന്റെ പ്രധാന പ്രവര്‍ത്തനം. ഐബിഎം കൂടുതല്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ ആരംഭിക്കുന്നത് സംസ്ഥാനത്തിന്റെ ഐടി മേഖലയ്ക്ക് വലിയ കുതിപ്പു നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പ്:

ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഐടി കമ്പനികളില്‍ ഒന്നായ ഐ.ബി.എം പുതിയ ഡെവലപ്‌മെന്റ് സെന്റര്‍ കൊച്ചിയില്‍ ആരംഭിക്കുന്നു.
ഹൈബ്രിഡ് ക്‌ളൗഡ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യകളെ കൂടുതല്‍ മികവിലേയ്ക്ക് നയിക്കാനുതകുന്ന പ്രവര്‍ത്തനങ്ങളാണ് പുതിയ സെന്ററില്‍ വികസിപ്പിക്കുന്നത്.
ഐ.ടി മേഖലയില്‍ നവീനമായ ആശയങ്ങളും സാങ്കേതിക വിദ്യകളും വികസിപ്പിക്കുന്ന ഐ.ബി.എം സോഫ്‌റ്റ്വെയര്‍ ലാബ്‌സ് -ന്റെ സെന്ററാണ് കൊച്ചിയില്‍ സ്ഥാപിക്കാന്‍ പോകുന്നത്.
ഇന്നലെ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ഐ.ബി.എം ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറായ സന്ദീപ് പട്ടേല്‍, ഐ.ബി.എം ഇന്ത്യ സോഫ്‌റ്റ്വെയര്‍ ലാബ്‌സിന്റെ വൈസ് പ്രസിഡണ്ടായ ഗൗരവ് ശര്‍മ്മ എന്നിവരുമായി വളരെ ക്രിയാത്മകമായ ചര്‍ച്ച നടക്കുകയുണ്ടായി. ചര്‍ച്ചയില്‍ ഡിജിറ്റല്‍ നോളജ് എകോണമിയായി കേരളത്തെ വളര്‍ത്താനുള്ള എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാഴ്ചപ്പാടുകള്‍ അവരുമായി പങ്കു വയ്ക്കാനും അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാനും സാധിച്ചു. അതോടൊപ്പം ഐടി നയങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും കോവിഡ് കാരണം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറി കടക്കുന്നതില്‍ സാങ്കേതിക മേഖലയ്ക് നല്‍കാന്‍ കഴിയുന്ന സംഭാവനകളെക്കുറിച്ചും ചര്‍ച്ച ചെയ്തു.
ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യകളുപയോഗിച്ച് ഡാറ്റ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സെക്യൂരിറ്റി തുടങ്ങിയ മേഖലകളില്‍ നൂതനമായ ഉല്പന്നങ്ങള്‍ നിര്‍മ്മിക്കുക എന്നതായിരിക്കും കൊച്ചിയില്‍ ആരംഭിക്കാന്‍ പോകുന്ന പുതിയ സെന്ററിന്റെ പ്രധാന പ്രവര്‍ത്തനം. ഐ.ബി.എം കൂടുതല്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ ആരംഭിക്കുന്നത് സംസ്ഥാനത്തിന്റെ ഐ.ടി മേഖലയ്ക്ക് വലിയ കുതിപ്പു നല്‍കും. കേരളത്തിന്റെ ആത്മാര്‍ഥമായ പിന്തുണ ഇക്കാര്യത്തില്‍ അവര്‍ക്കു ഉറപ്പു നല്‍കുന്നു.