ഐപിഎസ് ചമഞ്ഞ് തട്ടിപ്പ് നടത്തി ജയിലിലായി ; ജാമ്യത്തിലിറങ്ങിയ യുവാവ് വീണ്ടും അറസ്റ്റില്‍

ഐപിഎസ് ഉദ്യോഗസ്ഥയെ വിവാഹം കഴിക്കാന്‍ പോകുന്നതായി പറഞ്ഞ് ഇയാള്‍ നാട്ടുകാരെ കബളിപ്പിച്ചിരുന്നു
അറസ്റ്റിലായ വിപിൻ / ടെലിവിഷൻ ചിത്രം
അറസ്റ്റിലായ വിപിൻ / ടെലിവിഷൻ ചിത്രം

കോഴിക്കോട്: ഐപിഎസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയതിന് പിടിയിലായി ജാമ്യത്തിലിറങ്ങിയ യുവാവ് വീണ്ടും അറസ്റ്റില്‍. വ്യാജരേഖ ചമച്ച് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 24 ലക്ഷം തട്ടിയ കേസിലാണ് അറസ്റ്റ്. കോഴിക്കോട് രാമനാട്ടുകരയില്‍ താമസിക്കുന്ന വിപിന്‍ കാര്‍ത്തിക്കിനെയാണ് ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 

14 ലക്ഷത്തിന്റെ കാര്‍ വാങ്ങാനായി ബാങ്കില്‍ നിന്ന് ലോണെടുത്ത വിപിന്‍ കാര്‍ത്തിക്, വിലകുറഞ്ഞ കാര്‍ എടുക്കുകയും ആര്‍ സി ബുക്ക് തിരുത്തി അതേ വാഹനമാണെന്ന് കാണിച്ച് ബാങ്കിനെ കബളിപ്പിക്കുകയുമായിരുന്നു. പിന്നീട് മറ്റൊരു വാഹനത്തിന് 10 ലക്ഷവും വായ്പ എടുത്തു. ഇതിനായി വ്യാജ രേഖകള്‍ സമര്‍പ്പിച്ചു. രണ്ട് വാഹനങ്ങളുടേയും തിരിച്ചടവ് മുടങ്ങിയതോടെ കഴിഞ്ഞ ഫെബ്രുവരിയില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 

2019 ല്‍ ഗുരുവായൂരിലെ ബാങ്ക് മാനേജരായ കുന്നംകുളം സ്വദേശി സുധയെ കബളിപ്പിച്ച് 97 പവനും 25 ലക്ഷം രൂപയും തട്ടിയെടുത്ത കേസില്‍ വിപിന്‍ കാര്‍ത്തിക്കും അമ്മ ശ്യാമളയും നേരത്തെ അറസ്റ്റിലായിരുന്നു. ഐപിഎസ് ഉദ്യോഗസ്ഥനാണെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി വിവിധ ബാങ്കുകളില്‍ നിന്ന് ആഡംബര കാറുകള്‍ വാങ്ങാന്‍ വായ്പയെടുക്കുകയും പിന്നീട് വായ്പ അടച്ച് തീര്‍ന്നതായുള്ള വ്യാജരേഖയുണ്ടാക്കി കാര്‍ മറിച്ച് വില്‍പ്പന നടത്തുകയുമാണ് വിപിന്റെ പതിവ്. തൃശൂര്‍ സിവില്‍ സ്‌റ്റേഷന്‍ ലോക്കല്‍ഫണ്ട് ഓഡിറ്റ് ഓഫീസര്‍ എന്ന വ്യാജ രേഖയുണ്ടാക്കി ശ്യാമളയാണ് വിപിന് ബാങ്കുകളില്‍ ജാമ്യം നിന്നിരുന്നത്.

നേരത്തെ ഐപിഎസ് ഉദ്യോഗസ്ഥയെ വിവാഹം കഴിക്കാന്‍ പോകുന്നതായി പറഞ്ഞ് ഇയാള്‍ നാട്ടുകാരെ കബളിപ്പിച്ചിരുന്നു. വിശ്വാസ്യത വരുത്തുന്നതിന് ഗുജറാത്ത് ഐ പി എസ് ഉദ്യോഗസ്ഥയുടെ ഫോട്ടോ ഫെയിസ് ബുക്കില്‍ പ്രൊഫൈല്‍ ആക്കി. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. വിപിന്‍ കാര്‍ത്തിക്കിന്റെ ഫോണ്‍ വിശദമായി പരിശോധിച്ച് എന്തൊക്കെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com