പരാതിക്കാരുടെ മുന്നില്‍ വെച്ച് വനിതാ എസ്‌ഐമാരുടെ പോര്, കയ്യാങ്കളി ; ഒരാള്‍ക്ക് പരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th August 2021 07:04 AM  |  

Last Updated: 04th August 2021 07:04 AM  |   A+A-   |  

policeman stolen money from thief

ഫയല്‍ ചിത്രം

 

കൊല്ലം: പരാതിക്കാരുടെ മുന്നില്‍വെച്ച് വനിതാ എസ്‌ഐമാര്‍ പരസ്പരം ഏറ്റുമുട്ടി. ഒരു വനിതാ എസ്‌ഐക്ക് പരിക്കേറ്റു. കൊട്ടാരക്കര വനിതാ പൊലീസ് സ്‌റ്റേഷനിലായിരുന്നു സംഭവം. കയ്യാങ്കളിയില്‍ കൈക്ക് പൊട്ടലേറ്റ എസ്‌ഐ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി. 
 
സ്‌റ്റേഷന്‍ ചുമതലയുണ്ടായിരുന്ന എസ്‌ഐ ഫാത്തിമ, മറ്റൊരു എസ്‌ഐ ഡെയ്‌സി എന്നിവരാണ് അടിപിടി കൂടിയത്. എസ്‌ഐ ഫാത്തിമക്കാണ് പരിക്കേറ്റത്. വനിതാ സെല്‍ ചുമതലയുണ്ടായിരുന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിരമിച്ചപ്പോള്‍ സെല്ലിന്റെ ചുമതല ലഭിച്ച എസ് ഐയും സ്ഥലംമാറിയെത്തിയ എസ്‌ഐയുമാണ് ഏറ്റുമുട്ടിയത്. 

ഇരുവരും സീനിയോറിറ്റിയെച്ചൊല്ലി തര്‍ക്കം പതിവായിരുന്നു. പലപ്പോഴും ഇതേച്ചൊല്ലി വാക്കുതര്‍ക്കം നടന്നിരുന്നതായി സഹപ്രവര്‍ത്തകര്‍ പറയുന്നു. ഫാത്തിമയും ഡെയ്‌സിയും ഒരേ ബാച്ചില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരാണ്.

ഫാത്തിമക്കായിരുന്നു എസ്‌ഐ, എസ്എച്ച്ഒ ചുമതല. രാവിലെ മുതല്‍ ഇരുവരും സ്ഥാനത്തെച്ചൊല്ലി തര്‍ക്കം തുടങ്ങി. ഫാത്തിമയുടെ കസേര തനിക്ക് വിട്ടുതരണമെന്ന് ഡെയ്‌സി വാശിപിടിച്ചു. മേശപൂട്ടി താക്കോല്‍ കൈക്കലാക്കുകയും ചെയ്തു. ഇത് ഫാത്തിമ ചോദ്യം ചെയ്തതോടെയാണ് തര്‍ക്കം കൈയാങ്കളിയായത്. 

സംഭവത്തില്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി റിപ്പോര്‍ട്ട് തേടി. പൊലീസ് സേനക്ക് നാണക്കേടുണ്ടാക്കിയ സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിനോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.