ഹരിശ്രീ അശോകന്റെ മരുമകൻ 30 കോടിയുടെ ബി​ഗ് ടിക്കറ്റ് വിജയി, ഭാ​ഗ്യം പങ്കിടുന്നത് സുഹൃത്തുക്കൾക്കൊപ്പം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th August 2021 10:12 AM  |  

Last Updated: 05th August 2021 11:34 AM  |   A+A-   |  

sanoop_big_ticket

സനൂപും കുടുംബവും/ ഫേയ്സ്ബുക്ക്

 

അബുദാബി; അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 30 കോടി രൂപയുടെ ഒന്നാം സമ്മാനം നേടിയ ഭാ​ഗ്യശാലികളിൽ എറണാകുളം സ്വദേശിയും. വൈറ്റില സ്വദേശി സനൂപ് സുനിലിനെയാണ് (32) ഭാ​ഗ്യം തേടിയെത്തിയത്. നടൻ ഹരിശ്രീ അശോകന്റെ മരുമകൻ കൂടിയാണ് സനൂപ്. ഖത്തറിലെ ലുലു ഹൈപ്പർമാർക്കറ്റ് ജീവനക്കാരനായ അദ്ദേഹം തന്റെ സഹപ്രവർത്തകർക്കൊപ്പമാണ് ടിക്കറ്റെടുത്തത്. 

ലുലുവിലെ 19 മലയാളികളും ഒരു തമിഴ്നാട് സ്വദേശിയുമാണ് 30 കോടി രൂപ പങ്കിടുക. 20 പേരും തുല്യമായി പങ്കിട്ടാണ് 1000 ദിർഹത്തിന്റെ (ഏകദേശം 20,000 രൂപ) ടിക്കറ്റ് ഓൺലൈനായി എടുത്തത്. സമ്മാനത്തുകയും തുല്യമായി വീതിക്കുമെന്നു സനൂപ് അറിയിച്ചു. ഒന്നര കോടിയോളം രൂപയാണ് ഓരോരുത്തർക്കും ലഭിക്കുക. നറുക്കെടുപ്പിന് ശേഷം ടിക്കറ്റ് ഉടമയെ കണ്ടെത്താൻ അധികൃതർക്ക് കഴിഞ്ഞിരുന്നില്ല. ഏറെ ഫോൺവിളികൾക്ക് ശേഷമാണ് ഭാഗ്യവാനെ കണ്ടെത്താനായത്. 

ഹരിശ്രീ അശോകന്റെ മകൾ ശ്രീക്കുട്ടിയാണു സനൂപിന്റെ ഭാര്യ. മൂന്നുവയസ്സുകാരൻ മകനുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ അമ്മയുടെ ചികിത്സയ്ക്കായി ജോലി വിട്ടു നാട്ടിലേക്കു പോകാനൊരുങ്ങിയപ്പോൾ രാജി സ്വീകരിക്കാതെ ഒപ്പം നിന്ന ലുലു മാനേജ്മെന്റിനാണ് ഈ ഭാഗ്യത്തിനും സനൂപ് നന്ദി അറിയിക്കുന്നത്. അമ്മയ്ക്കു സുഖമായതിനു ശേഷം മടങ്ങിയെത്തിയാൽ മതിയെന്ന് നിർദേശിച്ചതിനാൽ മാസങ്ങൾ നീണ്ട അവധി കഴിഞ്ഞ് ജനുവരിയിലാണു വീണ്ടും ജോലിയിൽ പ്രവേശിച്ചത്.