കടകളില്‍ എത്ര പേര്‍ക്കു കയറാം? എണ്ണം പുറത്തു പ്രദര്‍ശിപ്പിക്കണം; തിരക്ക് ഒഴിവാക്കേണ്ടത് ഉടമയുടെ ഉത്തരവാദിത്തം

നിബന്ധനകള്‍ പാലിക്കുന്നുണ്ടെന്ന ഉറപ്പാക്കാന്‍ അധികൃതര്‍ പരിശോധന നടത്തും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: കടകളും മറ്റു സ്ഥാപനങ്ങളും ഒരേ സമയം പ്രവേശനമുള്ള ഉപഭോക്താക്കളുടെ എണ്ണം പുറത്തു പ്രദര്‍ശിപ്പിക്കണമെന്ന്, സംസ്ഥാന സര്‍ക്കാരിന്റെ ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങളില്‍ നിര്‍ദേശം. ജീവനക്കാര്‍ വാക്‌സിന്‍ സ്വീകരിച്ചതിന്റെ വിവരങ്ങളും പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ദേശമുണ്ട്. 

ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയില്‍ സാമൂഹ്യ അകലം പാലിച്ചുകൊണ്ടു കടകളിലും മറ്റു സ്ഥാപനങ്ങളിലും ആളുകളെ പ്രവേശിപ്പിക്കണമെന്നാണ് മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നത്. ഇത്തരത്തില്‍ എത്ര പേര്‍ക്കു പ്രവേശിക്കാം എന്നു പുറത്തു പ്രദര്‍ശിപ്പിക്കണം. സ്ഥാപനങ്ങള്‍ക്കുള്ളില്‍ തിരക്കുണ്ടാവാതെ നോക്കേണ്ടത് ഉടമയുടെ ഉത്തരവാദിത്വമാണ്. കടകള്‍ക്ക പുറത്ത് തിരക്ക് ഒഴിവാക്കേണ്ടതും ഉടമകള്‍ തന്നെയാണെന്ന് ഉത്തരവില്‍ പറയുന്നു. നിബന്ധനകള്‍ പാലിക്കുന്നുണ്ടെന്ന ഉറപ്പാക്കാന്‍ അധികൃതര്‍ പരിശോധന നടത്തും.

രോഗസ്ഥിരീകരണ നിരക്ക് (ടിപിആര്‍) അടിസ്ഥാനമാക്കിയുള്ള കോവിഡ് നിയന്ത്രണ നടപടികള്‍ക്കു പകരം പ്രതിവാര രോഗ സ്ഥിരീകരണ ജനസംഖ്യാ അനുപാതം (ഐപിആര്‍) അനുസരിച്ച് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഐപിആര്‍ പത്തിനു മുകളിലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്നാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിയമസഭയെ അറിയിച്ചത്.

തദ്ദേശ സ്ഥാപന വാര്‍ഡുകളില്‍ ഒരാഴ്ച റിപ്പോര്‍്ട്ട് ചെയ്യുന്ന രോഗികളുടെ എണ്ണത്തെ ആയിരം കൊണ്ടു ഗുണിച്ച് ആകെ ജനസംഖ്യകൊണ്ടു ഹരിച്ചാണ് ഐപിആര്‍ കണക്കാക്കുക. ഓരോ തദ്ദേശ സ്ഥാപനത്തിലെയും ഐപിആര്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി എല്ലാ ബുധനാഴ്ചയും പ്രസിദ്ധീകരിക്കും. ഐപിആര്‍ പത്തില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ കടുത്ത നിയന്ത്രണ നടപടികള്‍ വേണമെന്നാണ് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നത്.

ഐപിആര്‍ പത്തിനു താഴെയുള്ള പ്രദേശങ്ങളില്‍ ഒട്ടുമിക്ക സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. വ്യാപാര സ്ഥാപനങ്ങള്‍, ബാങ്കുകള്‍, ഓഫിസുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, വ്യവസായ സ്ഥാപനങ്ങള്‍, തുറസ്സായ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുടങ്ങിയവയ്ക്ക് തിങ്കള്‍ മുതല്‍ ശനി വരെ പ്രവര്‍ത്തിക്കാം. 

സര്‍ക്കാര്‍ ഓഫിസുകള്‍ ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളും കമ്പനികളും സ്വയം ഭരണ സ്ഥപാനങ്ങളും തിങ്കള്‍ മുതല്‍ വെള്ളി വരെയാവും പ്രവര്‍ത്തിക്കുകയെന്നും ഉത്തരവില്‍ പറയുന്നു. ഹോട്ടലുകള്‍ക്കും റെസ്‌റ്റോറന്റുകള്‍ക്കും രാത്രി ഒന്‍പതര വരെ ഡെലിവറി നടത്താം. മാളുകളില്‍ ഓണ്‍ലൈന്‍ ഡെലിവറി നടത്താനും അനുമതിയുണ്ട്.

മത്സരപരീക്ഷകള്‍, റിക്രൂട്ട്‌മെന്റ്, സ്‌പോര്‍ട്‌സ് ട്രയലുകള്‍ എന്നിവ നടത്താം.സര്‍വകലാശാല പരീക്ഷകള്‍ക്കും അനുമതിയുണ്ട്. സ്‌കൂളുകള്‍, കോളജുകള്‍, ട്യൂഷന്‍ സെന്ററുകള്‍, തീയറ്ററുകള്‍ എന്നിവ തുറക്കില്ല. റസ്‌റ്റോറന്റുകളില്‍ തുറന്ന സ്ഥലങ്ങളിലും കാറുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാം. റിസോര്‍ട്ടുകള്‍ക്കും ഹോട്ടലുകള്‍ക്കും ബയോ ബബ്ള്‍ മാതൃകയില്‍ പ്രവര്‍ത്തിക്കാം. പൊതുപരിപാടികള്‍ക്ക് അനുമതിയില്ല. വിവാഹങ്ങള്‍ക്കും മരണാനന്തരചടങ്ങിനും 20 പേര്‍ക്ക് മാത്രമാണ് അനുമതി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com