ഓണത്തിന് 3200 രൂപ ; സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വിതരണം ഇന്നുമുതല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th August 2021 10:29 AM  |  

Last Updated: 05th August 2021 10:29 AM  |   A+A-   |  

currency

ഫയല്‍ ചിത്രം

 

തിരുവനന്തപുരം : സംസ്ഥാനത്ത് ജൂലായ്-ഓഗസ്റ്റ് മാസങ്ങളിലെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വിതരണം ഇന്ന് തുടങ്ങും. പെന്‍ഷന്‍ വിതരണത്തിനായി 1481.87 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. ഓഗസ്റ്റ് 10 നകം വിതരണം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 

ഓണാഘോഷത്തിന്റെ ഭാഗമായാണ് രണ്ടുമാസത്തെ പെന്‍ഷന്‍ ഒരുമിച്ച് നല്‍കാന്‍ തീരുമാനിച്ചത്. 3200 രൂപ വീതം ഗുണഭോക്താക്കള്‍ക്ക് ലഭിക്കും. വിധവ പെന്‍ഷന്‍കാര്‍, 50 വയസ്സ് കഴിഞ്ഞ അവിവാഹിതകള്‍ തുടങ്ങിയവര്‍ തുടര്‍ന്നും പെന്‍ഷന്‍ ലഭിക്കാന്‍ പുനര്‍വിവാഹം ചെയ്തിട്ടില്ലെന്ന സാക്ഷ്യപത്രം നല്‍കാനുള്ള തീയതി ജൂലായ് അഞ്ചുവരെ നീട്ടിയിരുന്നു. 

രേഖകള്‍ സമര്‍പ്പിച്ചവരുടെ പെന്‍ഷന്‍ പുനഃസ്ഥാപിച്ചിട്ടുണ്ട്. ഇവര്‍ക്കും ഈ മാസം പെന്‍ഷന്‍ ലഭിക്കും. അന്തിമ പട്ടിക പ്രകാരം 48,52, 098 പേര്‍ക്കാണ് ഓഗസ്റ്റില്‍ പെന്‍ഷന്‍ ലഭിക്കുക. 24.85 ലക്ഷം പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ബാങ്ക് അക്കൗണ്ടിലൂടെ നേരിട്ടും, ശേഷിക്കുന്നവര്‍ക്ക് സഹകരണബാങ്ക് വഴി വീട്ടിലും പെന്‍ഷന്‍ എത്തിക്കും.