കടബാധ്യത: ഇടുക്കിയില്‍ ഒരു കടയുടമ കൂടി ആത്മഹത്യ ചെയ്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th August 2021 11:31 AM  |  

Last Updated: 05th August 2021 11:31 AM  |   A+A-   |  

Shop owner commits suicide

പ്രതീകാത്മക ചിത്രം

 

തൊടുപഴ: കടബാധ്യതയെ തുടര്‍ന്ന് ഒരു കടയുടമ കൂടി ആത്മഹത്യ ചെയ്തു. ഇടുക്കി തൊട്ടിക്കാനത്ത് കുഴിയമ്പാട്ട് ദാമേദരനെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. 67 വയസായിരുന്നു. കടയ്ക്കുള്ളിലായിരുന്നു മൃതദേഹം. ഇടുക്കിയില്‍ കടബാധ്യതയെ തുടര്‍ന്ന് രണ്ട് മാസത്തിനിടെ ഇത് മൂന്നാമത്തെ ആത്മഹത്യയാണ്. 

കടയുടമയ്ക്ക് അഞ്ച് ലക്ഷം രൂപയുടെ ബാധ്യതയുണ്ടായിരുന്നതായി ഇയാളുടെ സുഹൃത്തുക്കള്‍ പറയുന്നു. ലോക്ക്ഡൗണില്‍ കട തുറക്കാതായതോടെ കടം പെരുകിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ദാമോദരന്‍ ആത്മഹത്യ ചെയ്തതെന്നും സുഹൃത്തുക്കള്‍ പറയുന്നു.

ദാമോദരന്‍ ഇന്നലെ പതിവുപോലെ കടയില്‍ വന്നിരുന്നു. ഉച്ചയോടെ കടപൂട്ടി അകത്ത് നിന്ന് വിഷം കഴിക്കുകയായിരുന്നു. കടയ്ക്ക് പുറത്തുകൂടി നടന്നുപോകുന്നവര്‍ ചില ശബ്ദങ്ങള്‍ കേട്ട ആളുകള്‍ നോക്കിയപ്പോള്‍ ദാമോദരന്‍ വിഷം കഴിച്ച് ഗുരുതരമായ അവസ്ഥയിലായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇന്നലെ കൊട്ടിയത്ത് ബ്യൂട്ടി പാര്‍ലര്‍ ഉടമ വീടിനുള്ളില്‍ തൂങ്ങി മരിച്ചിരുന്നു. കൊല്ലം മാടന്‍നട ഭരണിക്കാവ് റെസിഡന്‍സി നഗര്‍-41 പ്രതീപ് നിവാസില്‍ ബിന്ദു പ്രദീപാണ് ജീവനൊടുക്കിയത്. കോവിഡ് പ്രതിസന്ധിയില്‍ ബ്യൂട്ടി പാര്‍ലര്‍ തുറക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ബിന്ദു.

20 വര്‍ഷത്തിലേറെയായി വീടിനോടുചേര്‍ന്ന് ബ്യൂട്ടി പാര്‍ലര്‍ നടത്തിയിരുന്ന ബിന്ദു ഒന്നരവര്‍ഷംമുന്‍പാണ് കൊട്ടിയത്ത് കട വാടകയ്‌ക്കെടുത്ത് ബ്യൂട്ടി പാര്‍ലര്‍ തുടങ്ങിയത്. തൊട്ടുപിന്നാലെയാണ് കോവിഡ് പ്രതിസന്ധി ആരംഭിക്കുന്നത്. ഇതോടെ ലക്ഷങ്ങള്‍ ചെലവഴിച്ച് ഉന്നതനിലവാരത്തില്‍ ആരംഭിച്ച സ്ഥാപനം അടച്ചിടേണ്ടിവന്നു. കിട്ടാനുള്ള തുകകളും മുടങ്ങി. വായ്പകളുടെ അടവ് മുടങ്ങിയതോടെ സാമ്പത്തികബാധ്യത ക്രമാതീതമായി ഉയര്‍ന്നു.

ചൊവ്വാഴ്ച രാവിലെ വീടിന്റെ ഒന്നാംനിലയിലാണ് ബിന്ദുവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. പ്രതീപാണ് ഭര്‍ത്താവ്. ബിരുദ വിദ്യാര്‍ത്ഥികളായ പ്രണവ്, ഭാഗ്യ എന്നിവര്‍ മക്കളാണ്.