'ബന്ധുവിനെ വിഎസ്എസ്‌സിയില്‍ നിയമിക്കാന്‍ ആര്‍ബി ശ്രീകുമാര്‍ ആവശ്യപ്പെട്ടു, രോഷാകുലനായി മുറിയിലേക്കു കടന്നുവന്നു'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th August 2021 10:33 AM  |  

Last Updated: 05th August 2021 10:33 AM  |   A+A-   |  

NAMBI45

ചാരക്കേസില്‍ വേട്ടയാടപ്പെട്ട ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍/ഫയല്‍

 

കൊച്ചി: വിക്രം സാരാഭായി സ്‌പെയ്‌സ് സെന്ററില്‍ (വിഎസ്എസ്‌സി) ബന്ധുവിനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥനായിരുന്ന ആര്‍ബി ശ്രീകുമാര്‍ തന്നെ സമീപിച്ചിരുന്നെന്നും അതു ചെയ്യാത്തതിനാല്‍ ശ്രീകുമാറിനു തന്നോടു ദേഷ്യം ഉണ്ടായിരുന്നെന്നും, ഐഎസ്ആര്‍ഒ ചാരക്കേസില്‍ പീഡിപ്പിക്കപ്പെട്ട നമ്പി നാരായണന്‍. ചാരക്കേസിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്ന സിബിഐ സംഘത്തിനോടാണ് നമ്പി നാരായണന്‍ ഇക്കാര്യം അറിയിച്ചത്. ആര്‍ബി ശ്രീകുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട്, നമ്പി നാരായണന്റെ മൊഴി സിബിഐ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

ശ്രീകുമാര്‍ വിഎസ്എസ്‌സിയില്‍ കമാന്‍ഡന്റ് ആയിരുന്നപ്പോഴാണ് ബന്ധുവിനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടതെന്ന് നമ്പി നാരായണന്‍ പറയുന്നു. നിയമനങ്ങള്‍ സുതാര്യമായതിനാല്‍ അതു നടന്നില്ല. ഇതില്‍ രോഷാകുലനായി ശ്രീകുമാര്‍ തന്റെ ഓഫിസില്‍ വന്നിരുന്നതായി നമ്പി പറഞ്ഞു. പുറത്തു പോയില്ലെങ്കില്‍ പൊലീസിനെ വിളിക്കുമെന്ന് താന്‍ ശ്രീകുമാറിനോടു പറഞ്ഞു. ഇതില്‍ ഖേദിക്കേണ്ടി വരും എന്ന് ഭീഷണിപ്പെടുത്തിയാണ് അന്ന് ശ്രീകുമാര്‍ പുറത്തു പോയത്- നമ്പി നാരായണന്‍ പറയുന്നു.

കേസില്‍ നമ്പിക്കൊപ്പം അറസ്റ്റിലായ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ ഡി ശശികുമാരന്റെ മൊഴിയും സിബിഐ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ചോദ്യം ചെയ്യലിനിടെ പൊലീസ് മര്‍ദിച്ചതായി ശശികുമാരന്‍ പറയുന്നു. 1994 നവംബര്‍ 22ന് തന്നെ പേരൂര്‍ക്കട പൊലീസ് ക്ലബിലേക്കു കൊണ്ടുപോയി. യൂണിഫോമിലും അല്ലാതെയുമായി ഒരുപാടു പൊലീസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. പലതും വിഡ്ഢിത്ത ചോദ്യങ്ങളായിരുന്നു. മറുപടി വൈകിയാല്‍ അപ്പോള്‍ തല്ലലും തൊഴിക്കലും തുടങ്ങും. ചോദ്യം ചെയ്യലിന്റെ സമയത്ത് സിബി മാത്യൂസൂം ആര്‍ബി ശ്രീകുമാര്‍ മറ്റു ചിലരും ഹാജരായിരുന്നു. അവര്‍ ഇതെല്ലാം കണ്ടു ചിരിച്ചുകൊണ്ടു നിന്നു. സിബിയോ ശ്രീകുമാറോ ശാരീരികമായ ഉപദ്രവിച്ചിട്ടില്ല. മര്‍ദിച്ച പൊലീസുകാരെ തിരിച്ചറിയാനാവുമെന്നും ശശികുമാരന്‍ മൊഴിയില്‍ പറയുന്നു.