ഉത്തരവില്‍ മാറ്റം വരുത്തില്ല; പുറപ്പെടുവിച്ചത് പ്രായോഗിക നിര്‍ദേശങ്ങള്‍; വീണാ ജോര്‍ജ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th August 2021 03:33 PM  |  

Last Updated: 05th August 2021 03:33 PM  |   A+A-   |  

veena_george

ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

 

തിരുവനന്തപുരം: പുതുക്കിയ കോവിഡ് മാര്‍ഗരേഖയില്‍ മാറ്റം വരുത്തില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പ്രായോഗികമായ നിര്‍ദേശങ്ങളാണ് പുറത്തിറക്കിയത്. അതില്‍  മാറ്റം വരുത്തേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കടകള്‍ തുറക്കുമ്പോള്‍ പ്രദര്‍ശിപ്പിക്കേണ്ട നോട്ടീസ് സംബന്ധിച്ച് അവ്യക്തതയുണ്ടെന്ന പ്രതിപക്ഷ ആരോപണത്തിനായിരുന്നു മന്ത്രിയുടെ മറുപടി.

കടകളിലെത്തുന്നവര്‍ കോവിഡ് പരിശോധനാഫലം അല്ലെങ്കില്‍ വാക്സിനെടുത്തതിന്റെ രേഖ കയ്യില്‍ കരുതണമെന്നാണ് ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവിലുള്ളത്. മന്ത്രി നിയമസഭയില്‍ പറഞ്ഞ കാര്യങ്ങളല്ല ഉത്തരവിലുള്ളത്. ഘടകവിരുദ്ധമായി പലതും ഉണ്ടെന്നുമായിരന്നു പ്രതിപക്ഷത്തിന്റെ ആരോപണം.

ജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന അപ്രായോഗികമായ പലതും ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിലുണ്ടെന്നും പിസി വിഷ്ണുനാഥ് ക്രമപ്രശ്നത്തില്‍ ചൂണ്ടിക്കാട്ടി. റൂള്‍ 300 പ്രകാരം മന്ത്രി പറഞ്ഞത് പോലെയല്ല ഉത്തരവിലുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.

സംസ്ഥാനത്ത് ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം അരങ്ങേറുന്നുവെന്നും 42 ശതമാനം പേര്‍ മാത്രം വാക്സിനെടുത്ത കേരളത്തില്‍ എങ്ങനെയാണ് ഇത്തരമൊരു ഉത്തരവ് നടപ്പിലാക്കുകയെന്നും പ്രതിപക്ഷം ചോദിച്ചു. ഉത്തരവില്‍ മാറ്റം വരുത്താനാകില്ലെന്ന് മന്ത്രി ആവര്‍ത്തിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി.