അമ്മയെ അവസാനമായി ഒരുനോക്കു കാണാന്‍ പറ്റിയില്ല; കിഫ്ബിക്കെതിരെ വൈകാരിക പ്രതികരണവുമായി ഗണേഷ് കുമാര്‍; തുണച്ച് ഷംസീര്‍

വെഞ്ഞാറമൂട്ടിലെ മേല്‍പ്പാലത്തിന്റെ നിര്‍മാണം കിഫ്ബി തടഞ്ഞു. ഇതിനു കിഫ്ബിക്ക് എന്ത് അധികാരമെന്നും ഗണേഷ് കുമാര്‍ ചോദിച്ചു.
കെബി ഗണേഷ് കുമാര്‍ എംഎല്‍എ ഫയല്‍ ചിത്രം
കെബി ഗണേഷ് കുമാര്‍ എംഎല്‍എ ഫയല്‍ ചിത്രം

തിരുവനന്തപുരം: കിഫ്ബിയുടെ മെല്ലപ്പോക്കിനെതിരെ ഭരണപക്ഷ എംഎല്‍എമാര്‍. കെബി ഗണേഷ് കുമാറും എഎന്‍ ഷംസീറുമാണ് രംഗത്തെത്തിയത്.കിഫ്ബിയുമായി ബന്ധപ്പെട്ട് നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇഴയുന്നു എന്ന് ശ്രദ്ധ ക്ഷണിക്കലില്‍ ഗണേഷ് കുമാര്‍ ചൂണ്ടിക്കാണിച്ചു. ഇതിനെ എഎന്‍ ഷംസീര്‍ എംഎല്‍എ പിന്തുണയ്ക്കുകയും ചെയ്തു

2017ല്‍ പത്തനാപുരം മണ്ഡലത്തില്‍ പ്രഖ്യാപിച്ച കിഫ്ബി റോഡുകളുടെ പണി പൂര്‍ത്തിയായിട്ടില്ലെന്നു വ്യക്തമാക്കുന്നതിനിടെയാണ് സംസ്ഥാന ഹൈവേയിലെ ഗതാഗതക്കുരുക്കിനെക്കുറിച്ച് സ്വന്തം അനുഭവം മുന്‍മന്ത്രി വൈകാരികമായി പങ്കുവച്ചത്. 2018 ജനുവരി മൂന്നിന് രാവിലെ തനിക്ക് ഒരു ഫോണ്‍ വന്നു, കൊട്ടാരക്കരയില്‍നിന്ന്. അമ്മയ്ക്ക് ഹൃദയാഘാതമുണ്ടായെന്നും ഗുരുതരാവസ്ഥയില്‍ കൊട്ടാക്കരയിലെ ആശുപത്രിയിലാണ് ഉടന്‍ വരണമെന്നും പറഞ്ഞു. താന്‍ യാത്ര തിരിച്ച് വെഞ്ഞാറമ്മൂട് എത്തിയപ്പോള്‍ 20 മിനുട്ട് ഗതാഗതക്കുരുക്കില്‍പ്പെട്ടു. താന്‍ കൊട്ടാക്കരയില്‍ എത്തിയപ്പോഴേക്കും അമ്മ മരിച്ച് അഞ്ചു മിനിട്ട് കഴിഞ്ഞിരുന്നു. അമ്മയെ ജീവനോടെ ഒന്ന് കാണാന്‍ പറ്റിയില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. വെഞ്ഞാറമൂട്ടിലെ മേല്‍പ്പാലത്തിന്റെ നിര്‍മാണം കിഫ്ബി തടഞ്ഞു. ഇതിനു കിഫ്ബിക്ക് എന്ത് അധികാരമെന്നും ഗണേഷ് കുമാര്‍ ചോദിച്ചു.

പത്തനാപുരത്ത് പ്രഖ്യാപിക്കപ്പെട്ട  റോഡുകളുടെ പണി പൂര്‍ത്തിയായിട്ടില്ല. റീ ഷെഡ്യൂള്‍ ചെയ്ത് ടെന്‍ഡര്‍ മാറ്റിയതാണ് കാരണമായി പറയുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന ശേഷം റോഡു പണി നിര്‍ത്തിവയ്ക്കാന്‍ കിഫ്ബി സ്‌റ്റോപ്പ് മെമ്മോ കൊടുത്തു. സ്ഥലം ഏറ്റെടുക്കുന്നതിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു സ്‌റ്റോപ്പ് മെമ്മോ. 2018-19ല്‍ പത്തനാപുരത്തു പ്രഖ്യാപിച്ച റോഡുകളിലും പണി തുടങ്ങിയില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.ഗണേഷിന്റെ വാദങ്ങളെ എഎന്‍ ഷംസീറും പിന്തുണച്ചു. കിഫ്ബി പദ്ധതികളില്‍ പലതിലും കാലതാമസമുണ്ടാകുന്നതായി ഭരണപക്ഷ എംഎല്‍എമാരും അഭിപ്രായപ്പെട്ടു.

ഇക്കാര്യം വിശദമായി പരിശോധിക്കുമെന്നും മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ സാധിക്കില്ലെന്നുമായിരുന്നു പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നല്‍കിയത്. സര്‍വേയര്‍മാരെ നിയമിക്കുന്നതിനുള്ള നടപടി മുന്നോട്ടു കൊണ്ടുപോവുകയാണെന്നും ശുപാര്‍ശ റവന്യൂ വകുപ്പിന് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു. പദ്ധതികള്‍ വേഗത്തിലാക്കാന്‍ സര്‍വേ വകുപ്പിനു കീഴില്‍ തന്നെ സര്‍വെയര്‍മാരെ താല്‍ക്കാലികമായി നല്‍കണമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍, സ്വതന്ത്രമായി സര്‍വേയര്‍മാരെ അനുവദിക്കാനാകില്ലെന്നു റവന്യൂ മന്ത്രി കെ.രാജന്‍ പറഞ്ഞു. സ്വതന്ത്ര സര്‍വേ സംവിധാനം അംഗീകരിക്കാനാകില്ല. കൂടുതല്‍ സര്‍വേയര്‍മാരെ ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

റവന്യൂ വകുപ്പുമായി ആലോചിച്ചു സര്‍വെയര്‍മാരെ എടുക്കണം എന്നാണ് താന്‍ പറഞ്ഞതെന്നും റവന്യൂ മന്ത്രി മനസ്സിലാക്കിയതിലെ തെറ്റായിരിക്കാമെന്നും പൊതുമരാമത്ത് മന്ത്രി വിശദീകരിച്ചു. കിഫ്ബി പദ്ധതികള്‍ അവലോകനം ചെയ്യാന്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ മാസത്തിലൊരിക്കല്‍ യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com