മാതൃത്വവും ജോലിയും ഒരുമിച്ചുകൊണ്ടുപോകുക ബുദ്ധിമുട്ട്; ജോലിയുള്ള അമ്മമാരുടെ ജീവിതം കഠിനമെന്ന് ഹൈക്കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th August 2021 09:05 AM  |  

Last Updated: 06th August 2021 09:05 AM  |   A+A-   |  

maternity_leave

പ്രതീകാത്മക ചിത്രം

 

കൊച്ചി: അമ്മയാകുന്ന സ്ത്രീയുടെ ജീവിതം കഠിനമാണെന്നും അവൾ ജോലിക്കാരിയാണെങ്കിൽ ജീവിതം കൂടുതൽ ദുസ്സഹമാകുമെന്നും ഹൈക്കോടതി. മാതൃത്വവും ജോലിയും ഒരുമിച്ചുകൊണ്ടുപോകുന്നതിന്റെ ബദ്ധപ്പാട് ഒരു സ്ത്രീക്കുമാത്രമേ അറിയൂവെന്ന് കോടതി അഭിപ്രായപ്പെട്ടു. പ്രസവാവധി നിഷേധിച്ചെന്നും ജോലിയിൽ നിന്ന് പിരിച്ചുവിട്ടെന്നും ചൂണ്ടിക്കാട്ടി യുവതി നൽകിയ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമർശം. 

കൊല്ലം ശിശുസംരക്ഷണ ഓഫീസിലെ കൗൺസലർ വന്ദന ശ്രീമേധ നൽകിയ ഹർജിയിൽ വിധിപറയുകയായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. 2016ൽ ദിവസവേതനത്തിൽ ജോലിയിൽ പ്രവേശിച്ച യുവതി ഈവർഷം ജനുവരി 17വരെ ജോലി ചെയ്തു. പ്രസവത്തിനെ തുടർന്ന് മൂന്നുമാസത്തെ അവധി ലഭിച്ചു. തുടർനിയമനം ലഭിച്ച യുവതി മൂന്നുമാസംകൂടി അവധിക്ക് അപേക്ഷിച്ചപ്പോൾ അപേക്ഷ തള്ളി. 51 ദിവസം പ്രായമായ കുഞ്ഞിനെ മുലയൂട്ടണമെന്ന് ഡോക്ടറുടെ നിർദേശമുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു അവധി അപേക്ഷ. അനധികൃത അവധിയിലാണെന്ന്‌ ആരോപിച്ച് യുവതിയെ പിരിച്ചുവിടുകയും പുതിയ നിയമനം നടത്താൻ ഡയറക്ടർ ഉത്തരവിടുകയും ചെയ്‌തു.

താൽക്കാലിക ജീവനക്കാർക്ക് ചട്ടപ്രകാരം കൂടുതൽ അവധിക്ക്‌ അവകാശമില്ലെന്നും അവധി ഒരു അവകാശമായി ജീവനക്കാർക്ക് ഉന്നയിക്കാനാകില്ലെന്നും സർക്കാർ വ്യക്തമാക്കി. അതേസമയം യുവതിയെ ഉടൻ തിരിച്ചെടുക്കാനും അവധി അപേക്ഷ പരിഗണിക്കാനും കോടതി വനിതാ–-ശിശു വികസനവകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. സാഹചര്യം വിലയിരുത്തി അവധി അനുവദിക്കേണ്ടതിനുപകരം ഹർജിക്കാരിയെ പിരിച്ചുവിട്ട നടപടി അതിക്രൂരവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അമ്മയുടെ സാന്നിധ്യവും കരുതലും കുഞ്ഞിന് ഒഴിവാക്കാനാകില്ലെന്നും അതുകൊണ്ടാണ് അമ്മമാർക്ക് പ്രസവാവധി അനുവദിച്ചിട്ടുള്ളതെന്നും ജഡ്ജി ഓർമ്മിപ്പിച്ചു.