ലീഗ് പൊട്ടിത്തെറിയിലേക്ക് ; മുഈന്‍ അലിക്കെതിരെ നടപടിക്ക് സാധ്യത ; നേതൃയോഗം നാളെ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th August 2021 10:47 AM  |  

Last Updated: 06th August 2021 10:47 AM  |   A+A-   |  

muslim league

ഫയല്‍ ചിത്രം

 

കോഴിക്കോട് : യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈന്‍ അലിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ മുസ്ലിം ലീഗ് പൊട്ടിത്തെറിയിലേക്ക്. മുഈന്‍ അലിയുടെ പരാമര്‍ശങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും ലീഗ് നേതൃത്വത്തില്‍ അഭിപ്രായം ഉയര്‍ന്നു. അതേസമയം പാര്‍ട്ടി അച്ചടക്കം ലംഘിച്ചു എന്നു കാണിച്ച് മുഈന്‍ അലിക്കെതിരെ നടപടി എടുക്കാന്‍ കുഞ്ഞാലിക്കുട്ടി വിഭാഗവും നീക്കം ആരംഭിച്ചു. 

പാണക്കാട് ഹൈദരാലി തങ്ങളുടെ മകനായ മുഈന്‍ അലിയെ ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്നും മാറ്റുന്നതും, സസ്‌പെന്‍ഷനുമാണ് പരിഗണനയിലുള്ളത്. ലീഗില്‍ ഉരുണ്ടു കൂടിയ സംഘര്‍ഷം കണക്കിലെടുത്ത് ഇന്ന് അനൗദ്യോഗിക ലീഗ് നേതൃയോഗം ചേരും. യോഗത്തില്‍ പങ്കെടുക്കുന്നതിനായി പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ തിരുവനന്തപുരത്തു നിന്നും തിരിച്ചിട്ടുണ്ട്. 

വിഷയം ചര്‍ച്ച ചെയ്യാന്‍ നാളെ ലീഗ് നേതൃയോഗവും വിളിച്ചിട്ടുണ്ട്. യോഗത്തില്‍ പങ്കെടുക്കാന്‍ മുതിര്‍ന്ന നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ എംപിയും എത്തും. പി കെ കുഞ്ഞാലിക്കുട്ടിക്കെതിരായ മുഈന്‍ അലിയുടെ ആരോപണം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം ഇന്നലെ തള്ളിപ്പറഞ്ഞിരുന്നു. 

ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ വരുത്തിയതിന് ആസ്പദമായ കാര്യങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പി കെ കുഞ്ഞാലിക്കുട്ടിക്ക് ആണെന്ന് മുഈന്‍ അലി ആരോപിച്ചിരുന്നു. ഹൈദരലി തങ്ങള്‍ മാനസിക സമ്മര്‍ദ്ദത്തിന് അടിപ്പെട്ടാണ് രോഗാവസ്ഥയിലായതെന്നും മുഈന്‍ അലി പറഞ്ഞു. 

കഴിഞ്ഞ 40 വര്‍ഷമായി മുസ്ലീം ലീഗിന്റെ ഫണ്ട് കൈകാര്യം ചെയ്യുന്നത് കുഞ്ഞാലിക്കുട്ടിയാണ്. പാര്‍ട്ടി കുഞ്ഞാലിക്കുട്ടിയില്‍ മാത്രം കേന്ദ്രീകരിക്കുകയാണെന്നും മുഈന്‍ അലി തുറന്നടിച്ചു. കുഞ്ഞാലിക്കുട്ടിയെ പേടിച്ച് എല്ലാവരും മിണ്ടാതിരിക്കുകയാണ്. ചന്ദ്രികയിലെ ഫിനാന്‍ഡ് ഡയറക്ടറായ ഷമീര്‍ കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനാണ്. ഷമീര്‍ ചന്ദ്രികയില്‍ വരുന്നതു പോലും താന്‍ കണ്ടിട്ടില്ല. 

ഇത്തരത്തിലുള്ള കെടുകാര്യസ്ഥതയാണ് 12 കോടിയുടെ ബാധ്യതയിലേക്ക് വരെ എത്തിച്ചത്. എന്നിട്ടും ഫിനാന്‍സ് ഡയറക്ടറെ സസ്‌പെന്‍സ് ചെയ്യാനുള്ള നടപടിയുണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു. ചന്ദ്രികയുടെ അഭിഭാഷകന്‍ മുഹമ്മദ് ഷാ വിളിച്ച വാര്‍ത്താ സമ്മേളനത്തിലായിരുന്നു മുഈന്‍ അലി കുഞ്ഞാലിക്കുട്ടിക്കെതിരേ തുറന്നടിച്ചത്.