പിരിച്ചുവിടല്‍ ഉത്തരവുമായേ വീട്ടിലേക്ക് വരൂവെന്ന് മന്ത്രി വാക്കു തന്നു; പാലിച്ചു; നന്ദിയെന്ന് വിസ്മയയുടെ പിതാവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th August 2021 04:49 PM  |  

Last Updated: 06th August 2021 04:49 PM  |   A+A-   |  

VISMAYA_FATHER

വിസ്മയയുടെ പിതാവ് തിവിക്രമന്‍ നായര്‍ ടെലിവിഷന്‍ ചിത്രം

 

തിരുവനന്തപുരം: കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ട നടപടി തന്റെ മകള്‍ക്ക് കിട്ടിയ ആദ്യനീതിയെന്ന് വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായര്‍. മാതൃകപരമായ തീരുമാനമെടുത്ത സര്‍ക്കാരിനും മുഖ്യമന്ത്രിക്കും മന്ത്രി ആന്റണി രാജുവിനും നന്ദി അറിയിക്കുന്നു. മകളുടെ മരണവുമായി ബന്ധപ്പെട്ട് മന്ത്രിയെ ചെന്ന് കാണുമ്പോള്‍ അദ്ദേഹം പറഞ്ഞ ആദ്യവാക്ക് അവന്റെ ഡിസ്മിസ് ഓര്‍ഡറുകൊണ്ടേ വീട്ടില്‍ വരൂ എന്ന് പറഞ്ഞിരുന്നു. ആ വാക്ക് മന്ത്രി പാലിച്ചു. അതിന് താനും തന്റെ കുടുംബവും സര്‍ക്കാരിനോട് കടപ്പെട്ടിരിക്കുമെന്ന് തിവിക്രമന്‍ നായര്‍ പറഞ്ഞു.

അന്വേഷണത്തില്‍ പൂര്‍ണതൃപ്തിയാണ്. നല്ല രീതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. എന്റെ സര്‍ക്കാര്‍ ഉള്ളിടത്തോളം എനിക്ക് നീതിലഭിക്കുമെന്ന് പൂര്‍ണവിശ്വാസമാണെന്നും  ത്രിവിക്രമന്‍ നായര്‍ പറഞ്ഞു.

ചരിത്രപരമായ തീരുമാനമെന്ന് വിസ്മയയുടെ സഹോദരന്‍ പറഞ്ഞു. ഇത് മാതൃകാപരമാണ്. നാളെ ഒരു പെണ്‍കുട്ടിയോട് ഇങ്ങനെ പെരുമാറാതിരിക്കാന്‍ ഈ നടപടി സഹായകമാകും. കുറ്റം ചെയ്‌തെങ്കില്‍ ശിക്ഷ ഉറപ്പാണെന്ന് മന്ത്രി പറഞ്ഞിരുന്നു. മന്ത്രിവാക്ക് പാലിച്ചെന്നും സഹോദരന്‍ കൂട്ടിച്ചേര്‍ത്തു.

വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടതായി ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.  കൊല്ലത്തെ മോട്ടോര്‍ വാഹനവകുപ്പ് റീജ്യണല്‍ ഓഫീസില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കില്‍ ഇന്‍സ്‌പെക്ടറായിരുന്നു കിരണ്‍. വിസ്മയയുടെ മരണത്തെത്തുടര്‍ന്ന് സസ്‌പെന്‍ഷനിലായിരുന്നു. വകുപ്പ് തല അന്വേഷണം നടത്തിയതിന് ശേഷം, സംശയാതീതമായി കുറ്റം ചെയ്‌തെന്ന് തെളിഞ്ഞതിനെത്തുടര്‍ന്നാണ് പിരിച്ചുവിടല്‍

സ്ത്രീധന പീഡനക്കേസുമായി ബന്ധപ്പെട്ട്  ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പിരിച്ചുവിടുന്നത് സംസ്ഥാനത്ത് ആദ്യമായാണ്. 1960ലെ കേരള സിവിള്‍ സര്‍വീസ് റൂള്‍ പ്രകാരമാണ് കിരണിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നത്. കിരണിന് ഇനി സര്‍ക്കാര്‍ സര്‍വീസില്‍ തുടര്‍ജോലിയും ലഭിക്കില്ല. പ്രൊബേഷനിലായിരുന്നതിനാല്‍ പെന്‍ഷനും അര്‍ഹതയുണ്ടാവില്ല.

കിരണിനെതിരെ വിസ്മയയുടെ ആത്മഹത്യയെത്തുടര്‍ന്ന് വകുപ്പ് തല അന്വേഷണം നടത്തിയിരുന്നു. കിരണിനോട് നേരിട്ടും മോട്ടോര്‍ വാഹനവകുപ്പ് വിശദീകരണം തേടി. 1960ലെ സര്‍വീസ് ചട്ടപ്രകാരം സ്ത്രീവിരുദ്ധവും, സാമൂഹ്യനീതിക്ക് നിരക്കാത്തതും, ലിംഗനീതിക്ക് എതിരുമായ പ്രവര്‍ത്തനങ്ങള്‍ നടത്തി സര്‍ക്കാരിനും മോട്ടോര്‍ വാഹനവകുപ്പിനും ദുഷ്‌പേര് വരുത്തി വച്ചെന്ന് തെളിഞ്ഞാല്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാം. അതനുസരിച്ചാണ് കിരണിനെതിരെയും നടപടിയെടുത്തതെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യരുതെന്നാണ് ചട്ടം. അതിനാല്‍ക്കൂടിയാണ് കിരണിനെതിരെ പിരിച്ചുവിടല്‍ നടപടി വന്നത്. 

പൊലീസ് കേസും വകുപ്പ് തല അന്വേഷണവും രണ്ടും രണ്ടാണെന്നും ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. പൊലീസ് അന്വേഷണപ്രകാരമല്ല വകുപ്പ് തല അന്വേഷണം നടക്കുക. പൊലീസ് അന്വേഷണം സമാന്തരമായി നടക്കും. സാക്ഷിമൊഴികള്‍ അടക്കമുള്ള കാര്യങ്ങള്‍ വിസ്മയയുടെ കേസില്‍ ശേഖരിച്ചിരുന്നു. കിരണ്‍ കുമാറിന് പറയാനുള്ളതും കേട്ടു. 45 ദിവസം മുമ്പാണ് കേസില്‍ കിരണിനെ സസ്‌പെന്‍ഡ് ചെയ്തത്. അന്വേഷണവിധേയമായി കിരണിനെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. സസ്‌പെന്‍ഷന്‍ കാലാവധി പൂര്‍ത്തിയായി. അന്വേഷണ പ്രകാരം സംശയാതീതമായി കിരണ്‍ കുറ്റം ചെയ്‌തെന്ന് വ്യക്തമായതിനെത്തുടര്‍ന്നാണ് പിരിച്ചുവിടല്‍