എതിര്‍പ്പുമായി കൂട്ടാളികള്‍ ; വെടിയുതിര്‍ത്ത് പൊലീസ് ; രഖിലിന് തോക്ക് നല്‍കിയ ആള്‍ ബിഹാറില്‍ പിടിയില്‍ 

രഖിലിന്റെ സുഹൃത്തില്‍ നിന്നാണു പൊലീസിനു തോക്ക് നല്‍കിയ ആളെക്കുറിച്ച് വിവരം ലഭിച്ചതെന്നാണു സൂചന
രഖില്‍, കൊല്ലപ്പെട്ട മാനസ / ഫയല്‍
രഖില്‍, കൊല്ലപ്പെട്ട മാനസ / ഫയല്‍

കൊച്ചി : കോതമംഗലം നെല്ലിക്കുഴിയില്‍ ദന്തല്‍ കോളജ് വിദ്യാര്‍ത്ഥിനി മാനസയെ വെടിവച്ചു കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയ രഖിലിന് പിസ്റ്റള്‍ നല്‍കിയ ആള്‍ അറസ്റ്റില്‍. ബിഹാര്‍ മുന്‍ഗര്‍ ജില്ലയിലെ ഖപ്ര താര ഗ്രാമത്തിലെ സോനു കുമാര്‍ മോദി (21) ആണ് പിടിയിലായത്. ബിഹാര്‍ പൊലീസിന്റെ സഹായത്തോടെ, കോതമംഗലം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കൂട്ടാളികളുടെ ശക്തമായ എതിര്‍പ്പിനെ കീഴ്‌പ്പെടുത്തിയാണ് ബിഹാറിലെ ഗ്രാമത്തില്‍ നിന്നും സോനുവിനെ പൊലീസ് പിടികൂടിയത്. സോനുവിന്റെ സംഘം എതിര്‍ത്തെങ്കിലും മുന്‍ഗര്‍ എസ്പിയുടെ സ്‌ക്വാഡും ഒപ്പമുണ്ടായിരുന്നതു കേരള പൊലീസിനു സഹായമായി. പൊലീസ് സംഘം വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് കൂട്ടാളികള്‍ കടന്നു കളയുകയായിരുന്നു. 

രഖിലിന്റെ സുഹൃത്തില്‍ നിന്നാണു പൊലീസിനു തോക്ക് നല്‍കിയ ആളെക്കുറിച്ച് വിവരം ലഭിച്ചതെന്നാണു സൂചന. മുന്‍ഗര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ സോനു കുമാറിനെ ഹാജരാക്കി. രഖിലിനെ സോനുവിലേക്ക് എത്തിച്ച ഊബര്‍ ടാക്‌സി ഡ്രൈവറെ കേരള പൊലീസ് തിരയുന്നുണ്ട്. പട്‌നയില്‍നിന്ന് ഇയാളുടെ സഹായത്തോടെ രഖില്‍ മുന്‍ഗറില്‍ എത്തിയെന്നാണ് വിവരം.

ജൂലൈ 30 നാണ് കോതമംഗലം നെല്ലിക്കുഴിയിലെ ഇന്ദിര ഗാന്ധി ഡെന്റല്‍ കോളേജിലെ ഹൗസ് സര്‍ജനായ  കണ്ണൂര്‍ നാറാത്ത് സ്വദേശിയായ മാനസ വെടിയേറ്റ് മരിക്കുന്നത്. സുഹൃത്തായ രഖിലാണ് കൊലപാതകം നടത്തിയത്. മാനസയെ വെടിവെച്ചു കൊലപ്പെടുത്തിയതിന് പിന്നാലെ സ്വയം നിറയൊഴിച്ച് രഖിലും ജീവനൊടുക്കിയിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com