രഖിലിനെ കൊണ്ടുപോയ ടാക്‌സി ഡ്രൈവര്‍ പിടിയില്‍; തോക്ക് വാങ്ങിയത് അമ്പതിനായിരം രൂപയ്ക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th August 2021 02:49 PM  |  

Last Updated: 07th August 2021 02:49 PM  |   A+A-   |  

rakhil and manasa

രഖില്‍, മാനസ / ഫയല്‍


കൊച്ചി: മാനസ കൊലക്കേസില്‍ ബിഹാറില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. പ്രതി രഖിലിനെ തോക്ക് വില്‍ക്കുന്നയാളുടെ അടുത്തെത്തിച്ച ടാക്സി ഡ്രൈവര്‍ മനേഷ് കുമാര്‍ വര്‍മയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ മാനസ കൊലക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. രഖിലിന് തോക്ക് വിറ്റ സോനുകുമാര്‍ മോദിയെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു

പട്നയില്‍നിന്ന് രഖിലിനെ സോനുവിന്റെ അടുത്തെത്തിച്ചത് ഒരു ടാക്സി ഡ്രൈവറാണെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മനേഷ് കുമാര്‍ വര്‍മയെ പിടികൂടിയത്. ഇയാളെയും വൈകാതെ കേരളത്തിലെത്തിക്കും. 

രഖിലിന് തോക്ക് വിറ്റ സോനുകുമാര്‍ മോദിയെ അതിസാഹസികമായാണ് പൊലീസ് സംഘം കഴിഞ്ഞദിവസം പിടികൂടിയത്. കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിനിടെ സോനുവിന്റെ സംഘം ചെറുത്തുനില്‍പ്പിന് ശ്രമിച്ചിരുന്നു. ഇതോടെ ബിഹാര്‍ പൊലീസ് ഇവര്‍ക്ക് നേരേ വെടിയുതിര്‍ത്തു. പിടിയിലായ സോനുവിനെ ബിഹാറിലെ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി ട്രാന്‍സിറ്റ് വാറന്റ് വാങ്ങിയിട്ടുണ്ട്. സോനു കുമാര്‍ മോദിക്ക് രഖില്‍ അമ്പതിനായിരം രൂപ നല്‍കിയതായാണ് റിപ്പോര്‍ട്ട്. 7.62എംഎം പിസ്റ്റളാണ് രഖില്‍ വാങ്ങിയത്. 

ജൂലൈ 30-നാണ് കോതമംഗലത്ത് ബിഡിഎസ് വിദ്യാര്‍ഥിനിയായ മാനസയെ കണ്ണൂര്‍ മേലൂര്‍ സ്വദേശി രഖില്‍ വെടിവെച്ച് കൊന്നത്. കൊലപാതകത്തിന് ശേഷം അതേ തോക്ക് കൊണ്ട് രഖിലും സ്വയം നിറയൊഴിച്ച് മരിക്കുകയായിരുന്നു.