ബ്രേക് ത്രൂ ഇന്‍ഫെക്ഷനില്‍ ആശങ്ക വേണ്ട ; വാക്‌സിന്‍ എടുത്തവര്‍ക്ക് രോഗം ഗുരുതരമാകുന്നില്ലെന്ന് ആരോഗ്യമന്ത്രി

ബ്രേക് ത്രൂ ഇന്‍ഫെക്ഷന്‍ ഉണ്ടാകുമ്പോള്‍ അത് കാറ്റഗറി ബിയോ, സിയോ ആകുന്നില്ല എന്നതും വളരെ പ്രധാനപ്പെട്ടതാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു
ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മാധ്യമങ്ങളോട് സംസാരിക്കുന്നു / ടെലിവിഷന്‍ ചിത്രം
ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മാധ്യമങ്ങളോട് സംസാരിക്കുന്നു / ടെലിവിഷന്‍ ചിത്രം

തിരുവനന്തപുരം : വാക്‌സിന്‍ എടുത്തശേഷം കോവിഡ് വന്നതുമായി ബന്ധപ്പെട്ട വാർത്തകളിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പത്തനംതിട്ട ജില്ലയില്‍ നടത്തിയ പഠനം അനുസരിച്ച് രണ്ടു ഡോസ് വാക്‌സിന്‍ എടുത്ത് രണ്ടാഴ്ച കഴിഞ്ഞ 258 പേര്‍ക്കാണ് രോഗബാധ ഉണ്ടായത്. ഇതില്‍ 254 പേര്‍ക്കും ചെറിയ പനിയോ, ജലദോഷമോ പോലെ രോഗം വന്നു മാറുകയാണ് ചെയ്തത്. 

നാലുപേര്‍ക്ക് മാത്രമാണ് മരണം സംഭവിച്ചത്. അവര്‍ 80 വയസ്സിന് മുകളില്‍ പ്രായമുള്ളവരോ, മറ്റ് രോഗങ്ങളുള്ളവരോ ആയിരുന്നെന്ന് മന്ത്രി പറഞ്ഞു. ബ്രേക് ത്രൂ ഇന്‍ഫെക്ഷന്‍ ( വാക്‌സിന്‍ സ്വീകരിച്ചശേഷം കോവിഡ് വരുന്നത്) സംസ്ഥാനത്ത് ഉണ്ടാകുന്നുണ്ട്. ഇക്കാര്യം നിയമസഭയിലും താന്‍ പറഞ്ഞിട്ടുണ്ട്. 

എന്നാല്‍ ബ്രേക് ത്രൂ ഇന്‍ഫെക്ഷനില്‍ രോഗം ഗുരുതരമാകുന്ന അവസ്ഥ വളരെ കുറവാണ്. അതിനാണ് വാക്സിനേഷന്‍ എടുക്കുന്നത്. വാക്‌സിന്‍ എടുക്കാത്ത ഒരാള്‍ക്ക് രോഗം ഉണ്ടാക്കുന്നതിനേക്കാള്‍ വളരെ തീവ്രത കുറവാണ് വാക്‌സിനേഷന്‍ എടുത്ത ഒരാള്‍ക്ക് കോവിഡ് വരുമ്പോഴെന്നും മന്ത്രി പറഞ്ഞു. 

കേന്ദ്ര വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള തെറ്റിദ്ധാരണയും പാടില്ല. പത്തനംതിട്ട ജില്ലയില്‍ കോവിഡ് വന്നവരുടെ കണക്കെടുത്താല്‍, രണ്ടു ഡോസ് വാക്‌സിന്‍ എടുത്തശേഷം കോവിഡ് വന്നത് 258 പേര്‍ക്ക് മാത്രമാണ്. ഇതില്‍ 254 പേര്‍ക്കും ഒട്ടു തീവ്രമായിരുന്നില്ല എന്നതും വാക്‌സിനേഷന്‍ ഫലപ്രദമാണെന്ന് തെളിയിക്കുന്നു എന്ന് ആരോഗ്യമന്ത്രി പറഞ്ഞു.  

പത്തനംതിട്ട ജില്ലയിലെ പഠന റിപ്പോര്‍ട്ട് നല്ല ഡേറ്റ തന്നെയാണ്. ഇതിനെ മറ്റൊരു തരത്തിലും വ്യാഖ്യാനിക്കേണ്ടതില്ല. ഇക്കാര്യത്തില്‍ പഠനം തുടരുകയാണ്. എല്ലാ ജില്ലകളിലും ഇത് പരിശോധിക്കുന്നുണ്ട്. ബ്രേക് ത്രൂ ഇന്‍ഫെക്ഷന്‍ ഉണ്ടാകുമ്പോള്‍ അത് കാറ്റഗറി ബിയോ, സിയോ ആകുന്നില്ല എന്നതും വളരെ പ്രധാനപ്പെട്ടതാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com