പത്രം എടുക്കാന്‍ കട തുറന്നു ; 2000 രൂപ പിഴയിട്ട് പൊലീസ് ; അധിക്ഷേപം; മുഖ്യമന്ത്രിക്ക് പരാതി നല്‍കി 80 കാരന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th August 2021 08:41 AM  |  

Last Updated: 07th August 2021 08:41 AM  |   A+A-   |  

devarajan

പരാതിക്കാരന്‍ ദേവരാജന്‍

 

കൊല്ലം : പത്രം എടുക്കാന്‍ കട തുറന്ന 80കാരന് പിഴ ചുമത്തി പൊലീസ്. കൊല്ലം കടക്കല്‍ പൊലീസിനെതിരെ എണ്‍പതുകാരനായ ദേവരാജന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും  പരാതി നല്‍കി. സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മോശമായി പെരുമാറിയെന്നും ദേവരാജന്‍ പരാതിയില്‍ പറയുന്നു. 

സമ്പൂര്‍ണ ലോക്ഡൗണ്‍ ദിനമായ ജൂലൈ 31 നാണ് സംഭവം. കടക്കല്‍ ജംക്ഷനിലെ പെയിന്റ് വ്യാപാരിയായ കെ എന്‍ ദേവരാജന്റെ പേരിലാണ് പൊലീസ് കേസെടുത്തത്. രാവിലെ വീട്ടില്‍ നിന്നു ജംക്ഷനില്‍ എത്തി കട തുറന്നു ഷട്ടര്‍ പൊക്കിയ ശേഷം പത്രം എടുത്തു വീട്ടില്‍ കൊണ്ടുപോകാന്‍ തുടങ്ങുമ്പോഴാണ് പൊലീസ് എത്തിയത്. 

പേരും മേല്‍ വിലാസവും ചോദിച്ച ശേഷം സ്‌റ്റേഷനില്‍ ചെല്ലാന്‍ പൊലീസ് ആവശ്യപ്പെട്ടു. സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ രണ്ടായിരം രൂപ പെറ്റി അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഇത് ചോദ്യം ചെയ്തതോടെ പെറ്റി 500 രൂപയാക്കി കുറച്ചു. 

പരാതിക്കാരൻ ദേവരാജനും, 500 രൂപ പിഴയുടെ രസീതും

പത്രം എടുക്കാനാണ് കടയില്‍ വന്നതെന്ന് പറഞ്ഞപ്പോള്‍ പത്രം വീട്ടില്‍ വരുത്തണമെന്നും എണ്‍പതുവയസിന്റെ പക്വതയില്ലെന്നും പറഞ്ഞ് സിഐ ആക്ഷേപിച്ചതായും ദേവരാജന്‍ പറയുന്നു.  മുഖ്യമന്ത്രിക്കും ഡിജിപിക്കും പുറമേ, പൊലീസ് കംപ്ളയിന്റ് അതോറിറ്റിക്കും ദേവരാജന്‍ പരാതി നല്‍കിയിട്ടുണ്ട്.