സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ വാക്സിനേഷൻ യജ്ഞം; സ്വകാര്യ മേഖലയ്ക്ക് 20 ലക്ഷം ഡോസ് വാക്സിൻ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th August 2021 07:26 PM  |  

Last Updated: 07th August 2021 07:26 PM  |   A+A-   |  

vaccine

ചിത്രം: പിടിഐ

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം ഒൻപത് മുതൽ 31 വരെ വാക്സിനേഷൻ യജ്ഞം നടത്തും. ഇതിൻറെ  ഭാഗമായി പൊതുവിൽ വാക്സിനേഷൻ വർദ്ധിപ്പിക്കും. അവസാന വർഷ ഡിഗ്രി, പിജി വിദ്യാർത്ഥികൾക്കും എൽപി, യുപി സ്കൂൾ അധ്യാപകർക്കും വാക്സിനേഷൻ പൂർത്തീകരിക്കുകയും ഈ യജ്ഞത്തിൻറെ ലക്ഷ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് അവലോകന യോഗത്തിൽ പറഞ്ഞു. 

സംസ്ഥാന സർക്കാരിനു ലഭിക്കുന്ന വാക്സിനുകൾക്ക് പുറമേ സ്വകാര്യ മേഖലക്ക് കൂടുതൽ വാക്സിനുകൾ ലഭ്യമാക്കേണ്ടതുണ്ട്. ഇതിൻറെ ഭാഗമായി സംസ്ഥാന സർക്കാർ 20 ലക്ഷം ഡോസ് വാക്സിനുകൾ വാങ്ങി സ്വകാര്യ ആശുപത്രികൾക്ക് അതേ നിരക്കിൽ നൽകും. സ്വകാര്യ ആശുപത്രികളിലൂടെ എത്ര വാക്സിൻ നൽകാൻ കഴിയും എന്ന് കണക്കാക്കിയാണ് വിതരണമുണ്ടാവുക. 

ഇതു കൂടാതെ വാണിജ്യ വ്യവസായ സ്ഥാപനങ്ങൾക്കും  പൊതു സംഘടനകൾക്കും  വാങ്ങിയ വാക്സിനുകളിൽ നിന്നു  ആശുപത്രികളുമായി ചേർന്ന് അവിടത്തെ സമീപ പ്രദേശങ്ങളിലെ ജനങ്ങൾക്ക് വാക്സിനേഷൻ നടത്താവുന്നതാണ്. ഇതിനുള്ള സൗകര്യങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ഒരുക്കാവുന്നതാണ്. എത്രയും വേഗം പരമാവധി ആളുകളെ വാക്സിനേറ്റ് ചെയ്യുകയാണ് ലക്ഷ്യം.

മുതിർന്ന പൗരൻമാർക്കുള്ള വാക്സിനേഷൻ ഓ​ഗസ്റ്റ് പതിനഞ്ചിനുള്ളിൽ കൊടുത്തു തീർക്കും. അറുപത് വയസ് കഴിഞ്ഞവർക്കുള്ള ആദ്യ ഡോസാണ് പൂർത്തീകരിക്കുക. കിടപ്പുരോഗികൾക്ക് വീട്ടിൽചെന്നാണ് വാക്സിൻ നൽകുക.