വാക്സിനേഷൻ ഇനി മുതൽ സ്വന്തം പ‌ഞ്ചായത്തിൽ മാത്രം,തെളിവ് ഹാജരാക്കണം; കാസർ​കോട് കളക്ടർ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th August 2021 09:58 AM  |  

Last Updated: 08th August 2021 09:58 AM  |   A+A-   |  

covid_vaccine

ഫയല്‍ ചിത്രം

 

കാസർകോട്: കോവി‍ഡ് വാക്സിനേഷനായി ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തുന്നവർ നാളെ മുതൽ അവരവർ താമസിക്കുന്ന പഞ്ചായത്തിലെ വാക്‌സിനേഷൻ കേന്ദ്രം മാത്രമേ തിരഞ്ഞെടുക്കാവൂ എന്ന് ജില്ലാ കളക്ടർ. തിങ്കളാഴ്ച മുതൽ എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങൾക്കും 50% ഓൺലൈൻ രജിസ്ട്രേഷനും 50% ഓഫ്‌ലൈൻ രജിസ്ട്രേഷനും ഉണ്ടായിരിക്കും.  ഒരേ പഞ്ചായത്തിൽ നിന്നുള്ള ഗുണഭോക്താക്കൾക്ക് ഒരേ പഞ്ചായത്തിൽ മാത്രമേ പ്രതിരോധ കുത്തിവയ്പ്പ് നൽകുകയുള്ളൂ എന്നും ഓൺലൈൻ ബുക്കിംഗിലൂടെ വരുന്നവർ ഒരേ പഞ്ചായത്തിൽ പെട്ടവരാണെന്നതിന് എന്തെങ്കിലും തെളിവ് ഹാജരാക്കണമെന്നും നിർദേശത്തിൽ പറയുന്നു. 

ജില്ലയിൽ കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ് സുഗമവും ഫലപ്രദവുമായ നടക്കാൻ തയ്യാറാക്കിയ പുതി ആക്‌ഷൻ പ്ലാൻ അനുസരിച്ചാണ് നിർദേശങ്ങൾ. ഓഫ്‌ലൈൻ രജിസ്‌ട്രേഷനിൽ 20 ശതമാനം രണ്ടാമത്തെ ഡോസിനായി നീക്കിവയ്ക്കും.ഓഫ്‌ലൈനിൽ ശേഷിക്കുന്ന സ്ലോട്ടുകൾ മുൻഗണനാ ഗ്രൂപ്പുകളെ വാർഡ് തിരിച്ച് ആരോഗ്യ പ്രവർത്തകർ നിർണയിക്കും. മുൻഗണനാ ഗ്രൂപ്പുകളിൽ 60ന് മുകളിൽ പ്രായമുള്ളവർ, ഭിന്നശേഷിക്കാർ, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽപെട്ടവർ, വിദേശത്ത് പോകുന്നവർ, സംസ്ഥാനത്തിന് പുറത്ത് പഠിക്കുന്ന വിദ്യാർഥികൾ, കുടിയേറ്റക്കാർ എന്നിവരാണ് ഉൾപ്പെടുന്നത്.

ഈ മുൻഗണനാ ഗ്രൂപ്പുകൾ ലഭ്യമല്ലെങ്കിൽ, 18-44 പ്രായപരിധിയിലുള്ള പൊതു ജനങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകും.