സിപിഎമ്മില്‍ 'കവിതപ്പോര്'; ജി സുധാകരന് മറുപടിയുമായി ഡിവൈഎഫ്‌ഐ നേതാവ്

നേട്ടവും കോട്ടവും എന്ന പേരില്‍ സിപിഎം നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിച്ച് കവിതയെഴുതിയ മുന്‍ മന്ത്രി ജി സുധാകരന്‍ കവിതയിലൂടെ മറുപടിയുമായി ഡിവൈഎഫ്‌ഐ നേതാവ്
ജി സുധാകരന്‍/ഫയല്‍ ചിത്രം
ജി സുധാകരന്‍/ഫയല്‍ ചിത്രം


ആലപ്പുഴ: നേട്ടവും കോട്ടവും എന്ന പേരില്‍ സിപിഎം നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിച്ച് കവിതയെഴുതിയ മുന്‍ മന്ത്രി ജി സുധാകരന്‍ കവിതയിലൂടെ മറുപടിയുമായി ഡിവൈഎഫ്‌ഐ നേതാവ്. ഡിവൈഎഫ്‌ഐ അമ്പലപ്പുഴ മേഖല പ്രസിഡന്റ് അനു കോയിക്കലാണ് കവിതയുമായി രംഗത്തുവന്നിരിക്കുന്നത്. സുധാകരന്റെ പേര് പരാമര്‍ശിക്കാതെയാണ് ഫെയ്‌സ്ബുക്ക് കവിത. 'രാജാവിനധരികാരം ഉപയോഗിച്ചു ഞാന്‍, പ്രജകള്‍ തന്‍ അഭിമാനം ഞാനുണ്ടോ അറിവതു' എന്ന് പോസ്റ്റില്‍ പറയുന്നു. 

ഒരുതരത്തിലും നന്ദി കിട്ടാത്ത പണിയാണെന്നും നവാഗതര്‍ക്കായി വഴിമാറുന്നുവെന്നും സുധാകരന്‍ കവിതയില്‍ സൂചിപ്പിച്ചിരുന്നു. 
തെരഞ്ഞെടുപ്പ് പ്രവര്‍ത്തന വീഴ്ചയില്‍ പാര്‍ട്ടി അന്വേഷണം നേരിടുന്നതിനിടെയാണ് സുധാകരന്റെ കവിത പ്രത്യക്ഷപ്പെട്ടത്. കവിതയുടെ മുകുളങ്ങള്‍ തന്നില്‍ ചെറുപ്പം മുതലെ ഉണ്ടായിരുന്നെന്നും എന്നാല്‍ ജീവിതപ്രയാസങ്ങള്‍ക്കിടെ അതിനെ പരിപോഷിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നാണ് കവിതയുടെ ആദ്യഭാഗങ്ങളില്‍ പറയുന്നത്. പിന്നീടാണ് തന്റെ ജീവിതം ഒരുതരത്തിലും നന്ദികിട്ടാത്ത പണികളൊക്കെ ചെയ്ത് മഹിത ജീവിതം സാമൂഹ്യമായതെന്ന് കവിതയില്‍ പറയുന്നു.

ജി സുധാകരന്റെ കവിതയുടെ പ്രസക്തവരികള്‍

ഒരു തരത്തിലും നന്ദി കിട്ടാത്തൊരാ
പണികളൊക്കെ നടത്തി ഞാനെന്റെയീ
മഹിത ജീവിതം സാമൂഹ്യമായെന്നു
പറയും സ്നേഹിതര്‍ സത്യമതെങ്കിലും
വഴുതി മാറും മഹാനിമിഷങ്ങളില്‍
മഹിത സ്വപ്നങ്ങള്‍ മാഞ്ഞു മറഞ്ഞുപോയി
അവകളൊന്നുമേ തിരികെ വരാനില്ല
പുതിയ രൂപത്തില്‍ വന്നെന്നുമാം!

ഇതിന് മറുപടിയുമായി രംഗത്തെത്തിയ ഡിവൈഎഫ്‌ഐ നേതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഞാന്‍

ഞാന്‍ ചെയ്ത ഗുണങ്ങള്‍ എത്രയെത്ര അനുഭവിച്ചു നിങ്ങള്‍...
തിരിച്ചെനിക്കൊ....നന്ദിയില്ലാ മുഖങ്ങള്‍ മാത്രം...
നന്ദി കിട്ടുവതിനായി ഞാന്‍ ചെയ്തതോ കേള്‍ക്കുനിങ്ങള്‍...
രാജാവിനധികാരം ഉപയോഗിച്ചു ഞാന്‍... 
പ്രജകള്‍ തന്‍ അഭിമനം ഞാനുണ്ടോ അറിവതു...
അധികാരത്തിന്‍ ബലത്തിലല്ലോ ഞാനതു ചെയ്തതു...
അധികാരമൊഴിയുമോരുന്നാള്‍ എന്നതുണ്ടോ ഓര്‍ക്കുവതു ഞാന്‍...
പുതിയ പാദങ്ങള്‍ പടവുകള്‍ താണ്ടിയെത്തീടണമെന്നത് 
കാലത്തിനനുസൃത മാറ്റമെന്നെന്തെ ഓര്‍ത്തില്ല ഞാന്‍...
ഞാന്‍ ചെയ്വതിന്‍ ഗുണങ്ങള്‍ ഗുണങ്ങളായി തന്നെ ...
എന്നിലെത്തുമെന്നതു മാത്രം സത്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com