'യേശുദേവനെ അവഹേളിക്കാനുള്ള കുടിലനീക്കം'; നാദിര്‍ഷയുടെ സിനിമകള്‍ നിരോധിക്കണമെന്ന് തുഷാര്‍ വെള്ളാപ്പള്ളി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th August 2021 09:49 AM  |  

Last Updated: 09th August 2021 09:49 AM  |   A+A-   |  

thushar vellappally

ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി/ഫയല്‍


കൊല്ലം: നാദിര്‍ഷയുടെ പുതിയ സിനിമകളായ ഈശോ, കേശു ഈ വീടിന്റെ നാഥന്‍ എന്നീ ചിത്രങ്ങള്‍ക്ക് എതിരെ ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. സിനിമകള്‍ ക്രൈസ്തവരെ അവഹേളിക്കുന്നതാണെന്നും ഇവ നിരോധിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും  തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. 

സമാധാനത്തിന്റെ വക്താവായി ലോകം മുഴുവന്‍ അംഗീകരിച്ച യേശുദേവനെ അവഹേളിക്കുന്ന രീതിയില്‍ നടന്ന ഈ കുടില നീക്കം അപലപനീയമാണ്. ഇത്തരം നീക്കം സമൂഹത്തില്‍ ഭിന്നതയും വിഭജനവും ഉണ്ടാക്കാനേ ഉപകരിക്കൂ. ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന പേരില്‍ മതവൈരം സൃഷ്ടിക്കുകയും മതവികാരം വ്രണപ്പെടുത്തുകയും ചെയ്യുന്ന നീക്കങ്ങള്‍ ചെറുത്തു തോല്‍പിക്കാന്‍ ബിഡിജെഎസ് മുന്‍പന്തിയില്‍ ഉണ്ടാകും. വിശ്വാസികളെ അവഹേളിക്കുന്ന ചലച്ചിത്രങ്ങള്‍ക്കെതിരെയും ലൗ ജിഹാദ് പോലെയുള്ള സാമൂഹിക വിപത്തിനെതിരെയും നിയമനിര്‍മാണം ആവശ്യപ്പെട്ടു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കു നിവേദനം നല്‍കുമെന്നും തുഷാര്‍ പറഞ്ഞു.

വിദ്യാഭ്യാസരംഗത്തും സാമൂഹ്യരംഗത്തും ക്രൈസ്തവ സഭ നല്‍കിയ മഹത്തായ സംഭാവനകള്‍ വിസ്മരിക്കാന്‍ കഴിയാത്തതാണ്. ക്രൈസ്തവ മൂല്യങ്ങളെ വിസ്മരിക്കാന്‍ ആര്‍ക്കും കഴിയില്ല. യേശുദേവനെ അവഹേളിക്കുന്ന ഇത്തരം പ്രവണതകള്‍ ചെറുത്തു തോല്‍പ്പിക്കേണ്ടത് സമൂഹത്തിന്റെ ആവശ്യകതയാണെന്നും തുഷാര്‍ പറഞ്ഞു.