'നിയമലംഘകര്‍ക്ക് ചായ വാങ്ങിക്കൊടുക്കാനാകുമോ'; പൊലീസിനെ ന്യായീകരിച്ച് വിജയരാഘവന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th August 2021 05:18 PM  |  

Last Updated: 09th August 2021 05:18 PM  |   A+A-   |  

police-vijayaraghavan

പൊലീസിന്റെ വാഹന പരിശോധന, എ വിജയാരഘവന്‍/ഫയല്‍


തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ പേരില്‍ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന അമിത ഇടപെടലുകളെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. നിയമലംഘകര്‍ക്ക് ചായ വാങ്ങിക്കൊടുക്കാനാകുമോ എന്ന് വിജയരാഘവന്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു. രോഗനിയന്ത്രണത്തിനാണ് പൊലീസ് നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പൊലീസിനെ കുറിച്ച് വിമര്‍ശനമുന്നയിക്കുമ്പോള്‍, ഉന്നയിച്ച പരിമിതിയാണോ സേനയിലെ അംഗങ്ങള്‍ നടത്തിയ സേവനമാണോ മുന്നില്‍ എന്ന് ശ്രദ്ധിക്കുന്നത് ഗുണകരമായിരിക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ പേരില്‍ അമിത പിഴയീടാക്കുകയും പൊതുജനങ്ങളോട് മോശമായി പെരുമാറുകയും ചെയ്യുന്ന പൊലീസ് നടപടികളെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

ചന്ദ്രിക ദിനപ്പത്രത്തിലെ ഫണ്ടുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിലെ തര്‍ക്കത്തില്‍ സിപിഎമ്മിനെ ബന്ധപ്പെടുത്തുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. മുസ്ലിം ലീഗിലെ പ്രശ്നങ്ങള്‍ എങ്ങനെ സിപിഎമ്മുമായി ബന്ധപ്പെടുമെന്ന് അദ്ദേഹം ചോദിച്ചു. കെ ടി ജലീല്‍ പറഞ്ഞത് അദ്ദേഹത്തിന് കിട്ടിയ വിശദാംശങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

അധികാരം കിട്ടിയപ്പോഴെല്ലാം അഴിമതിപ്പണം കിട്ടിയ പാര്‍ട്ടിയാണത്. പത്രസമ്മേളനത്തില്‍ നിന്ന് മുഈന്‍ അലി തങ്ങളെ ഇറക്കിവിട്ടത് ജനങ്ങള്‍ കണ്ടതാണ്. ലീഗ് ഓഫീസില്‍ നടന്ന സംഭവം ലീഗുമായി ബന്ധപ്പെട്ടതാണ്. ഇതൊക്കെ പരിശോധിക്കാന്‍ മലപ്പുറത്ത് ലീഗ് ഒരു യോഗം വിളിച്ചുചേര്‍ക്കുകയുണ്ടായി. സാധാരണ രാഷ്ട്രീയ പാര്‍ട്ടിയുടെ യോഗം പോലെയല്ല അത് നടന്നത്. കുഞ്ഞാലിക്കുട്ടി നിശബ്ദനാക്കപ്പെട്ടു. ഇതെല്ലാം ജനങ്ങള്‍ കണ്ടതാണ്. ലീഗിനകത്ത് അഗാധമായ പ്രതിസന്ധിയും വലിയ അഭിപ്രായ വ്യത്യാസവുമുണ്ട്. അത് ആ പാര്‍ട്ടിയുടെ പ്രശ്നമാണ്. രാഷ്ട്രീയപാര്‍ട്ടി എന്ന നിലയില്‍ ലീഗിന്റെ നേതൃത്വമില്ലായ്മയാണ് ദൃശ്യമായത്- അദ്ദേഹം പറഞ്ഞു.

അഴിമതിപ്പണവുമായി ബന്ധപ്പെട്ട വിഷയത്തിലെ തര്‍ക്കമാണ് ലീഗിലുണ്ടായ പ്രതിസന്ധി. അത് രൂക്ഷമാകാന്‍ പോവുകയാണ്. വസ്തുത ഇതായിരിക്കേ, സിപിഎമ്മിനും എല്‍ഡിഎഫ് ഗവണ്‍മെന്റിനും നേരെ ആക്ഷേപമുന്നയിച്ച് തടിതപ്പാന്‍ ശ്രമിച്ചാലൊന്നും ലീഗ് നേതൃത്വം രക്ഷപ്പെടാന്‍ പോകുന്നില്ല.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ നിലപാടിന്റെ ഉദാഹരണം എന്ന് പറഞ്ഞാണ് സിപിഎമ്മിനെ ആക്ഷേപിക്കുന്നത്. വിചിത്രമായ വാദമാണിത്. ലീഗ് ഇപ്പോള്‍ പറയുന്നത് അവര്‍ക്ക് തന്നെ വിശദീകരിക്കാന്‍ കഴിയാത്ത ന്യായമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.