ശ്രീജേഷിന് ഒരുകോടി രൂപയുടെ പാരിതോഷികം; പ്രഖ്യാപനവുമായി ഡോ. ഷംഷീര്‍ വയലില്‍, അപ്രതീക്ഷിതമെന്ന് താരം

പി ആര്‍ ശ്രീജേഷിന് ഒരു കോടി രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ച് യുഎഇ ആസ്ഥാനമായ വിപിഎസ് ഹെല്‍ത്ത്‌കെയറിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലില്‍
പി ആര്‍ ശ്രീജേഷ്, ഷംഷീര്‍ വയലില്‍
പി ആര്‍ ശ്രീജേഷ്, ഷംഷീര്‍ വയലില്‍


ദുബൈ: ഹോക്കിയില്‍ ഇന്ത്യയ്ക്ക് ഒളിപിക് മെഡല്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മലയാളി ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷിന് ഒരു കോടി രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ച് യുഎഇ ആസ്ഥാനമായ വിപിഎസ് ഹെല്‍ത്ത്‌കെയറിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലില്‍. ടോക്കിയോയില്‍ ജര്‍മനിക്കെതിരായ വെങ്കല മെഡല്‍ വിജയത്തില്‍ ഇന്ത്യയുടെ വന്മതിലായ ശ്രീജേഷിന്റെ മിന്നും പ്രകടനത്തിനും ഹോക്കിയിലെ സമര്‍പ്പണത്തിനുമുള്ള അംഗീകാരമായാണ് പാരിതോഷികമെന്ന് അദ്ദേഹം പറഞ്ഞു. 

ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) അടക്കമുള്ള കായിക സമിതികള്‍ ഹോക്കി ടീമിന് സമ്മാനത്തുക പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വ്യക്തിപരമായി ശ്രീജേഷിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പാരിതോഷികമാണ് ഡോ. ഷംഷീര്‍ പ്രഖ്യാപിച്ച ഒരു കോടി രൂപ. ടോക്കിയോയില്‍ നിന്നും ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് ശ്രീജേഷിനെ ഫോണില്‍ ബന്ധപ്പെട്ടാണ് ഡോ. ഷംഷീര്‍ സര്‍പ്രൈസ് സമ്മാനം പ്രഖ്യാപിച്ചത്. ടീമിന്റെ ചരിത്ര വിജയത്തില്‍ അഭിനന്ദനമര്‍പ്പിച്ച അദ്ദേഹം ശ്രീജേഷിന്റെ പ്രകടന മികവ് രാജ്യത്തെ ഹോക്കിയിലെ പുതു തലമുറയ്ക്കും വരും തലമുറകള്‍ക്കും പ്രചോദനമാകുമെന്ന് പ്രതീക്ഷ പങ്കുവച്ചു.

'മികച്ച പ്രകടനത്തിലൂടെ ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍ക്ക് അഭിമാന മുഹൂര്‍ത്തമാണ് ശ്രീജേഷ് സമ്മാനിച്ചത്. ഒരു മലയാളിയെന്ന നിലയില്‍ ഈ നേട്ടത്തില്‍ എനിക്കും അഭിമാനമുണ്ട്. രാജ്യത്ത് ഹോക്കിയിലുള്ള താല്‍പര്യം വര്‍ധിക്കാന്‍ ഈ നേട്ടം ഇടയാക്കിയിട്ടുണ്ട്. ശ്രീജേഷിന്റെയും സഹ താരങ്ങളുടെയും പ്രകടനം നൂറുകണക്കിന് യുവതീയുവാക്കളെ തുടര്‍ന്നും പ്രചോദിപ്പിക്കുമെന്നുറപ്പാണ്'  ഡോ. ഷംഷീര്‍ പറഞ്ഞു

ഒരു മലയാളിയില്‍ നിന്ന് തേടിയെത്തിയ സമ്മാനം വിലമതിക്കാനാവാത്തതാണെന്നായിരുന്നു സുഹൃത്തുക്കള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമായി ടോക്കിയോയില്‍ നിന്ന് പങ്കുവച്ച ശബ്ദസന്ദേശത്തില്‍ ശ്രീജേഷിന്റെ പ്രതികരണം. 'ഡോ. ഷംഷീറിന്റെ ഫോണ്‍ കോള്‍ പ്രതീക്ഷിച്ചിരുന്നില്ല. ടീമിന്റെയും എന്റെയും പ്രകടനത്തെ അഭിനന്ദിക്കാനായി വിളിച്ചതിനും സംസാരിച്ചതിനും വളരെയധികം നന്ദി. അദ്ദേഹത്തിന്റെ സ്ഥാപനത്തിന്റെയും കുടുംബത്തിന്റെയും പൂര്‍ണ പിന്തുണ അറിയിച്ചിട്ടുണ്ട്. ഒരു കോടി രൂപ പാരിതോഷികമായി പ്രഖ്യാപിച്ചത് വലിയ സര്‍പ്രൈസാണ്. കാരണം ഇത്രയും വലിയൊരു തുക കേട്ടുമാത്രമേ പരിചയമുള്ളൂ. അത് പാരിതോഷികമായി നല്‍കുന്നുവെന്നറിയുന്നതില്‍ വളരെയധികം സന്തോഷമുണ്ട്'  ശ്രീജേഷ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com