തെരഞ്ഞെടുപ്പ് കോഴക്കേസ്; ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ ക്രൈംബ്രാഞ്ച്, ജാനുവിന്റെ വീട്ടില്‍ റെയ്ഡ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th August 2021 11:42 AM  |  

Last Updated: 09th August 2021 11:42 AM  |   A+A-   |  

ck_janu

സി കെ ജാനു/ഫയല്‍ ചിത്രം

 

കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകാന്‍ സികെ ജാനുവിന് കോഴ നല്‍കിയെന്ന ആരോപണത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍  ക്രൈംബ്രാഞ്ച്. ബിജെപി സംഘടന സെക്രട്ടറി എം ഗണേഷിനെതിരെയും ജില്ല ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയലിനെതിരെയുമാണ് തെളിവുകള്‍ നശിപ്പിച്ചതില്‍ ക്രൈം ബ്രാഞ്ച് കേസെടുക്കുക.

കേസുമായി ബന്ധപ്പെട്ട് തെളിവെടുപ്പിനായി മൊബൈല്‍ ഫോണുകള്‍ ഹാജരാക്കാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടെങ്കിലും ഇരുവരും നല്‍കിയിരുന്നില്ല. അന്വേഷണ സംഘം രണ്ടുതവണ നോട്ടീസ് അയച്ചിരുന്നു. നോട്ടീസ് ഇരുവരും നിരസിച്ചതോടെയാണ് നിയമനടപടിയിലേക്ക് നീങ്ങുന്നത്. 

അതിനിടെ സികെ ജാനുവിന്റെ വീട്ടില്‍ ക്രൈം ബ്രാഞ്ച് ഇന്ന് പരിശോധന നടത്തി. സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ചതായാണ് വിവരം. സ്ഥാനാര്‍ത്ഥിയാകാന്‍ ജാനു ബിജെപിയില്‍ നിന്നും കോഴ വാങ്ങിയെന്നാണ് ആരോപണം. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ നിര്‍ദേശപ്രകാരം എം ഗണേഷിന്റെ അറിവോടെയാണ് സികെ ജാനുവിന് പണം നല്‍കിയതെന്ന് ജെആര്‍പി നേതാവ് പ്രസിദ അഴിക്കോട് മൊഴി നല്‍കിയിരുന്നു. പ്രശാന്ത് മലവയല്‍ ബത്തേരിയിലെ റിസോര്‍ട്ടില്‍ വച്ച് പണം കൈമാറിയെന്നാണ് പ്രസീതയുടെ മൊഴി.