110 രൂപ അടയ്ക്കാന്‍ മറന്നു, കല്യാണം വൈകി; വധുവിന്റെ ഗള്‍ഫിലേക്കുള്ള മടക്കയാത്ര മുടങ്ങി

നിശ്ചിത ഫീസ് അടയ്ക്കാതിരുന്നതിനെ തുടര്‍ന്ന് മിശ്രവിവാഹിതരുടെ കല്യാണം വൈകി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: വിവാഹ രജിസ്‌ട്രേഷന്‍ അപേക്ഷയ്‌ക്കൊപ്പം ഫീസ് അടയ്ക്കാതിരുന്നതിനെ തുടര്‍ന്ന് മിശ്രവിവാഹിതരുടെ കല്യാണം വൈകി. സ്‌പെഷ്യല്‍ മാരേജ് ആക്ട് അനുസരിച്ച് വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് നോട്ടീസ് നല്‍കുന്ന ദിവസം തന്നെ നിശ്ചിത ഫീസായ 110 രൂപ അടയ്ക്കണം. പണം അടയ്ക്കാന്‍ മറന്നതിനെ തുടര്‍ന്ന് സൗദി അറേബ്യയില്‍ നഴ്‌സായി ജോലി ചെയ്യുന്ന വധുവിന് മുന്‍കൂട്ടി നിശ്ചയിച്ച് ഉറപ്പിച്ച മടക്കയാത്ര നീട്ടിവെയ്‌ക്കേണ്ടി വന്നു. സമയപരിധിക്കുള്ളില്‍ വിവാഹം രജിസ്റ്റര്‍ ചെയ്ത് കിട്ടുന്നതിന് കേരള ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇളവ് അനുവദിച്ചില്ല.

ജൂണ്‍ 11നാണ് വിവാഹ രജിസ്‌ട്രേഷനായി സബ് രജിസ്ട്രാര്‍ ഓഫീസില്‍ നോട്ടീസ് നല്‍കിയത്. എന്നാല്‍ രജിസ്‌ട്രേഷന്റെ ഭാഗമായി നല്‍കേണ്ട ഫീസായ 110 രൂപ ഒടുക്കാന്‍ ദമ്പതികള്‍ മറന്നുപോയി. ആഴ്ചകള്‍ കഴിഞ്ഞപ്പോഴാണ് ഇക്കാര്യം ദമ്പതികള്‍ തിരിച്ചറിഞ്ഞത്്. നോട്ടീസ് രജിസ്ട്രാര്‍ ഓഫീസില്‍ പതിപ്പിക്കാതിരുന്നത് ശ്രദ്ധയില്‍പ്പെട്ട വധുവരന്മാര്‍ ഇക്കാര്യം അന്വേഷിക്കുകയായിരുന്നു. തുടര്‍ന്ന് ജൂലൈ ഒന്‍പതിനാണ് ഇവര്‍ ഫീസ് ഒടുക്കിയത്. ഫീസ് ഒടുക്കി ഒരു മാസം കഴിയുമ്പോള്‍ മാത്രമാണ് വിവാഹ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുള്ളൂ.

മുന്‍കൂട്ടി തീരുമാനിച്ചത് അനുസരിച്ച് വധുവിന് ഓഗസ്റ്റ് അഞ്ചിന് ജോലിക്കായി സൗദിഅറേബ്യയിലേക്ക് തിരികെ പോകണം. സ്‌പെഷ്യല്‍ മാരേജ് ആക്ട് അനുസരിച്ച് ഓഗസ്റ്റ് അഞ്ചിന് മുന്‍പ് വിവാഹം രജിസ്റ്റര്‍ ചെയ്ത് തരാന്‍ സാധിക്കില്ലെന്ന് രജിസ്ട്രാര്‍ അറിയിച്ചു.തുടര്‍ന്ന് ദമ്പതികള്‍ ഇളവ് തേടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നുവെന്ന് ദമ്പതികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ആര്‍ രാജേഷ് പറയുന്നു.എന്നാല്‍ 1958ലെ പ്രത്യേക വിവാഹ നിയമം അനുസരിച്ച് നോട്ടീസ് നല്‍കുന്നതിനൊപ്പം ഫീസ് ഒടുക്കേണ്ടതാണ് എന്ന വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. 

ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ വധു മടക്കയാത്ര കുറച്ചുദിവസത്തേയ്ക്ക് നീട്ടിവെച്ചു. നോട്ടീസ് നല്‍കി ഒരു മാസം തികയുന്ന ഓഗസ്റ്റ് ഒന്‍പതിന് ശേഷം മാത്രമേ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനുളള തീയതി രജിസ്ട്രാര്‍ അനുവദിക്കുകയുള്ളൂ എന്ന കാരണത്താലാണ് മടക്കയാത്ര നീട്ടിവെച്ചത്.സൗദി നിയമം അനുസരിച്ച് ഭര്‍ത്താവിന് കൂടെ പോകണമെങ്കില്‍ വിസ വേണം. വിസ ലഭിക്കാന്‍ കല്യാണം രജിസ്‌ററര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് വ്യവസ്ഥ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com