അടൽ തുരങ്കത്തിന്റെ അമരക്കാരൻ; കെപി പുരുഷോത്തമൻ ഇനി കിഫ്ബിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th August 2021 08:31 AM  |  

Last Updated: 09th August 2021 08:31 AM  |   A+A-   |  

KP Purushothaman is now in Kifbi

കെപി പുരുഷോത്തമൻ/ എഎൻഐ

 

തിരുവനന്തപുരം: ലേ- മണാലി ദേശീയപാതയിലെ അടൽ തുരങ്കം യാഥാർഥ്യമാക്കിയ മലയാളി കെപി പുരുഷോത്തമന്റെ സേവനം ഇനി കിഫ്ബിയിൽ. ബോർഡർ റോഡ്‌സ് ഓർഗനൈസേഷന്റെ (ബിആർഒ) മുൻ അഡീഷണൽ ഡയറക്ടർ ജനറലായ അദ്ദേഹം കിഫ്ബിയുടെ പദ്ധതി അവലോകനത്തിന്റെ ചുമതലയുള്ള എക്‌സിക്യുട്ടീവ് ഡയറക്ടറായി ചുമതലയേറ്റു. കണ്ണൂർ ഏച്ചൂർ സ്വദേശിയാണ്.

പദ്ധതികളുടെ മൂല്യ നിർണയത്തിലും നിർവഹണത്തിലും കിഫ്ബി മാനേജ്‌മെന്റിനെ സഹായിക്കാനാണ് ഈ മേഖലയിൽ 41 വർഷത്തെ പരിചയ സമ്പത്തുള്ള പുരുഷോത്തമനെ നിയമിച്ചത്. പദ്ധതികൾ സമയ ബന്ധിതമായി പൂർത്തിയാക്കാൻ അവലോകന വിഭാഗത്തെ ശക്തിപ്പെടുത്താനാണ് ഈ നിയമനമെന്ന് കിഫ്ബി പത്രക്കുറിപ്പിൽ അറിയിച്ചു.

64,000 കോടിയുടെ 918 പദ്ധതികൾക്കാണ് കിഫ്ബി ധനാനുമതി നൽകിയിട്ടുള്ളത്. പദ്ധതികൾ അവലോകനം ചെയ്ത് അംഗീകരിക്കേണ്ട വിഭാഗത്തിന്റെ നേതൃത്വം ഇനി പുരുഷോത്തമനായിരിക്കും. 

ഹൈവേ തുരങ്കങ്ങളിലെ അത്ഭുതങ്ങളിലൊന്നായാണ് അടൽ തുരങ്കം വിലയിരുത്തപ്പെട്ടത്. പതിനായിരം അടിക്കു മുകളിലുള്ള ലോകത്തെ ഏറ്റവും നീളം കൂടിയ തുരങ്കമാണ് റോഹ്താങ് പാസിലെ അടൽ തുരങ്കം. ഇതിന്റെ നിർമാണത്തിനു നേതൃത്വം വഹിച്ചത് കെപി പുരുഷോത്തമനാണ്. പത്ത് വർഷമെടുത്താണ് 9.02 കിലോമീറ്ററുള്ള തുരങ്കം പൂർത്തിയാക്കിയത്. അയ്യായിരം കിലോമീറ്ററിലേറെ റോഡുകളുടെ നിർമാണത്തിന് അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്. വിശിഷ്ട സേവനത്തിലുള്ള രാഷ്ട്രപതിയുടെ പരം വിശിഷ്ട് സേവാ മെഡൽ, വിശിഷ്ട് സേവാ മെഡൽ എന്നിവ നേടിയിട്ടുണ്ട്.